ഒഡിഷയിൽ ബസ് ഫ്ളൈഓവറിൽ നിന്ന് മറിഞ്ഞ് 5 മരണം; 47 പേർക്ക് പരിക്ക്
ഒഡിഷയിലെ ജാജ്പുർ ജില്ലയിൽ ബസ് ഫ്ളൈഓവറിൽനിന്ന് താഴേക്ക് മറിഞ്ഞ് അഞ്ചു യാത്രക്കാർ മരിച്ചു. 47 പേർക്ക് പരിക്കേറ്റു. നാലു പുരുഷൻമാരും ഒരു സ്ത്രീയുമാണ് മരിച്ചത്. പരിക്കേറ്റവരെ കട്ടക് എസ്സിബി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാത 16ൽ ബാരാബതിയിൽ തിങ്കൾ രാത്രി ഒമ്പതിനാണ് അപകടം.
പുരിയിൽനിന്ന് ബംഗാളിലെ ഹൽദിയയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് മൂന്നുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.