സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചുമകന് ചന്ദ്രബോസ് ബിജെപി വിട്ടു
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചുമകന് ചന്ദ്രബോസ് ബിജെപിയില്‍ നിന്ന് രാജിവെച്ചു. സുഭാഷ് ചന്ദ്രബോസിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുമെന്ന വാഗ്ദാനം പാര്‍ട്ടി പാലിക്കുന്നില്ലെന്നാരോപിച്ചാണ് ബിജെപിയില്‍ നിന്ന് രാജിവെച്ചത്. 2016 ല്‍ ബിജെപിയില്‍ ചേര്‍ന്ന ചന്ദ്രബോസ് അതേ വര്‍ഷം ബിജെപി ടിക്കറ്റില്‍ നിയമസഭയിലേക്കും 2019 ല്‍ ലോക്സഭയിലേക്കും മത്സരിച്ചിരുന്നു.
'ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും ശരത് ചന്ദ്രബോസിന്റെയും പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ എന്നെ അനുവദിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അങ്ങനെയൊന്നും സംഭവിച്ചില്ല,' എന്നായിരുന്നു ചന്ദ്രബോസിന്റെ പ്രതികരണം.
2016 ല്‍ പശ്ചിമ ബംഗാളില്‍ ബിജെപി ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ചന്ദ്രബോസ് 2020 ല്‍ ബിജെപി പുനഃസംഘടനയ്ക്ക് ശേഷം ചുമതലയില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു.
ബിജെപിയുമായുള്ള തന്റെ ചര്‍ച്ചകള്‍ സുഭാഷ് ചന്ദ്ര ബോസിന്റേയും ശരത് ചന്ദ്രബോസിന്റേയും സ്വാതന്ത്യസമരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രത്യയശാസ്ത്രത്തെ കേന്ദ്രീകരിച്ചായിരുന്നു. ബിജെപി വേദിയിലിരുന്ന് ജാതി മതങ്ങള്‍ക്ക് അതീതമായി എല്ലാവരേയും ഒന്നിപ്പിക്കുന്ന ആശയം പ്രചരിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഈ ചട്ടക്കൂടിനുള്ളില്‍ ഇരുന്ന് ആസാദ് ഹിന്ദ് മോര്‍ച്ച രൂപീകരിക്കാനും തീരുമാനമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ബിജെപിയില്‍ നിന്ന് യാതൊരു പിന്തുണയും ലഭിച്ചില്ലെന്നും ചന്ദ്ര ബോസ് പറഞ്ഞു.
സിഎഎ വിഷയത്തില്‍ ഉള്‍പ്പെടെ ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കുന്ന നിലപാടായിരുന്നു ചന്ദ്രബോസ് സ്വീകരിച്ചത്. കുറച്ചുകാലമായി അദ്ദേഹം പാര്‍ട്ടിയോട് അകന്നുകഴിയുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന വക്താവ് സമിക് ഭട്ടാചാര്യ പ്രതികരിച്ചു.