
വ്യാപാരിയെ കൊലപ്പെടുത്തിയ കേസ്; മൂന്ന് പേർ കസ്റ്റഡിയിൽ, മൃതദേഹം ഉപേക്ഷിച്ചെന്ന് കരുതുന്ന ട്രോളി ബാഗ് കണ്ടെത്തി
തിരൂർ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി കഷ്ണ്ങ്ങളാക്കി അട്ടപ്പടിയിലെ കൊക്കയിലേക്ക് തള്ളിയ സംഭവത്തിൽ മൃതദേഹം ഉപേക്ഷിച്ച രണ്ട് ട്രോളി ബാഗുകൾ കണ്ടെത്തി. ബാഗ് കണ്ടെത്തിയത് അട്ടപ്പാടിയിലെ ഒൻപതാം വളവിലെ ചോലയിൽ നിന്ന്. തിരൂർ സ്വദേശിയായ ഹോട്ടൽ ഉടമ സിദ്ധിഖിൻ്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കൊലപാതകം സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തായത്. സിദ്ധിഖിന്റെ കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലിലെ ജീവനക്കാരനായ പാലക്കാട് സ്വദേശി ഷിബിലി (22) യും ഇയാളുടെ പെൺസുഹൃത്ത് ഫർഹാന (18), ഫർഹാനയുടെ സഹോദരൻ ഷുക്കൂർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികൾ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ച് കൊലപാതകം നടത്തി മൃതദേഹം ട്രോളിയിലാക്കി അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടന്ന കോഴിക്കോട്ടെ ഹോട്ടലിൽ പരിശോധന നടക്കും. തിരൂരിലെത്തിച്ച് പ്രതികളെ ചോദ്യംചെയ്യും. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായാണ് അന്വേഷണം നടത്തുക.