ഹ്യുണ്ടായി ക്രെറ്റയ്ക്കു വമ്പൻ എതിരാളി; ഏറ്റവും കൂടിയ മൈലേജുമായി ഗ്രാൻഡ് വിറ്റാര; വില 10.45 ലക്ഷം
ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ഇടത്തരം സ്പോർട്സ് യൂട്ടിലിറ്റി മോഡൽ വിപണിയിൽ അവതരിപ്പിച്ച് മാരുതി സുസുക്കി ഇന്ത്യ. 10.45 ലക്ഷം എക്സ് ഷോറും വിലയിൽ അവതരിപ്പിച്ച മോഡൽ ഹ്യുണ്ടായ് ക്രെറ്റയ്ക്കു വൻ വെല്ലുവിളിയാകുമെന്ന കാര്യത്തിൽ തർക്കമില്ല. ക്രെറ്റയ്ക്ക് ഒപ്പം പുതിയ വിറ്റാര കിയ സെൽറ്റോസ്, ടാറ്റ ഹാരിയർ എന്നീ വാഹനങ്ങൾക്കും സമ്മർദ്ദമാകും. അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന വാഹനം മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.5 ലിറ്റർ പെട്രോൾ എൻജിനിലാണ് പ്രവർത്തിക്കുന്നത്. ഇത് കൂടാതെ 27.9 കിലോമീറ്റർ മൈലേജ് നൽകുന്ന മറ്റൊരു ഹൈബ്രിഡ് എൻജിനും വിറ്റാരയ്ക്കുണ്ട്. ഓഫ് റോഡ് കഴിവ് നൽകുന്ന ഓൾ ഗ്രിപ്പ് സാങ്കേതിക വിദ്യയും വാഹനത്തിലുണ്ട്.