2 ലക്ഷം രൂപയുടെ റോയൽ എൻഫീൽഡ്; വേട്ടയ്ക്കിറങ്ങി ഹണ്ടർ 350 | വീഡിയോ
റോയൽ എൻഫീൽഡ് പുതിയ ഹണ്ടർ 350 കേരളത്തിൽ പുറത്തിറക്കി. നഗരങ്ങളിലെ തിരക്ക് കണക്കിലെടുത്ത് രൂപകൽപ്പന ചെയ്തിരിക്കുന്ന പുതിയ ഹണ്ടർ 350 റെട്രോ-മെട്രോ ഡിസൈൻ ശൈലി പിന്തുടർന്നു. റോയൽ എൻഫീൽഡ് മോട്ടോർ സൈക്കിൾ ശ്രേണിയിൽ ഏറെ വ്യത്യസ്തമായ ഹണ്ടർ 350 , പുരസ്ക്കാരങ്ങൾ നേടിയിട്ടുള്ള 350 സിസി ജെ സീരീസ് പ്ലാറ്റഫോമിലാണ് നിർമിച്ചിട്ടുള്ളത്.
റെട്രോ ഹണ്ടർ, മെട്രോ ഹണ്ടർ എന്നിങ്ങനെ രണ്ടു വ്യത്യസ്ത എഡിഷനുകളിലാണ് റോയൽ എൻഫീൽഡ് ഹണ്ടർ 350 അവതരിപ്പിക്കുന്നത്. റെട്രോ ഹണ്ടർ 17 ഇഞ്ച് സ്പോക്ക് വീലുകൾ, 300 എംഎം ഫ്രണ്ട് ഡിസ്ക് ബ്രെക്ക്, 6 ഇഞ്ച് റിയർ ഡ്രം ബ്രെക്ക് , റെട്രോ സ്റ്റൈലിൽ ഉള്ള ഡിജിറ്റൽ അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയോടെ എത്തുമ്പോൾ, പുതുയുഗ സൗകര്യങ്ങൾ വിളിച്ചോതിയാണ് മെട്രോ ഹണ്ടർ വരുന്നത്. കാസ്റ്റ് അലോയ് വീലുകൾ, വിശാലമായ ട്യൂബ് ലെസ്സ് ടയറുകൾ, വൃത്താകൃതിയിലുള്ള പിൻഭാഗ ലൈറ്റുകൾ എന്നിവ മെട്രോ ഹണ്ടറിനെ വ്യത്യസ്തമാക്കുന്നു. മെട്രോ ഹണ്ടറിന്റെ രണ്ടു പതിപ്പുകൾ അഞ്ചോളം നിറങ്ങളിലാണ് അവതരിപ്പിക്കുന്നത്. കൂടാതെ, 300 എംഎം ഫ്രണ്ട് ഡിസ്ക്ക് ബ്രേക്ക്, 270 എംഎം റിയർ ഡിസ്ക്ക് ബ്രേക്ക്, ഡ്യൂവൽ ചാനൽ എ ബി എസ്, എൽ ഇ ഡി ടെയിൽ ലാംപ്, മുൻ നിര ഡിജിറ്റൽ-അനലോഗ് ഇൻസ്ട്രുമെൻറ്റ് ക്ലസ്റ്റർ , യു എസ് ബി ചാർജിങ് പോർട്ട് തുടങ്ങി നവയുഗ സവിശേഷതകളും മെട്രോ ഹണ്ടറിനു സ്വന്തം.