
രാജു ചെങ്ങന്നൂർ; സ്വന്തം നാട് മറന്നുപോയോ ഈ കലാകാരനെ ?
ശ്രീ. രാജു ചെങ്ങന്നൂർ.
തന്റെ പേരിനൊപ്പം സ്വന്തം നാടിന്റെ പെരുമയും ഗോളാന്തരങ്ങളോളം പ്രശസ്തമാക്കിയ അനശ്വര കലാകാരൻ.
കൊട്ടാരക്കര ശ്രീധരൻ നായരുടെ 'ജയശ്രീ കലാമന്ദിർ ' എന്ന പ്രോഫഷണൽ നാടക ട്രൂപ്പിൽ സുഹൃത്തും നടനുമായ എം. ജി. സോമനുമൊത്ത് നാടക രംഗത്ത് ഒരുമിച്ച് പ്രവർത്തിച്ച് ശേഷം KPAC യിലും, തുടർന്ന് 1973 ൽ പ്രേം നസീർ നായകനായ ' തോട്ടാവാടി ' എന്ന ബ്ലാക്ക് & വൈറ്റ് ചിത്രത്തിൽ തന്റെ ഗുരുവായ ശ്രീ. കൊട്ടാരക്കര ശ്രീധരൻ നായർക്കൊപ്പം അരങ്ങേറ്റം കുറിച്ചു. അതെ വർഷം തന്നെ മധു നായകനായ 'തെക്കൻക്കാറ്റ് ' എന്ന ചിത്രത്തിലും അഭിനയിച്ചു. 1974 ൽ അനശ്വരനായ ജയൻ ആദ്യമായി അഭിനയിച്ച 'ശാപമോക്ഷം' എന്ന ചിത്രത്തിന്റെയും ഭാഗമായി. 1975 ൽ ഉദയയുടെ രജത ജൂബിലി ചിത്രം ' ആരോമലുണ്ണി ' യിലും തന്റെ സാനിധ്യം അറിയിച്ചു. തുടർന്ന് ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങൾ.
1978 ൽ ബോംബയിൽ നിന്നും കുടുംബ സമേതം ദുബായിലെത്തി. അവിടെയും ജോലിക്കൊപ്പം പ്രവാസി സാംസ്കാരിക സംഘടനകളുടെ നേതൃത്വം വഹിച്ചു കൊണ്ട് താര നിശാ സന്ധ്യകൾ സംഘടിപ്പിച്ചു. 1993 ൽ അഭിനയത്തോടുള്ള അടങ്ങാത്ത താൽപര്യം മൂലം സ്വന്തം ജോലി പോലും ഉപേക്ഷിച്ച് തിരികെ നാട്ടിൽ എത്തി. ഒരു നടനായും സഹ നിർമ്മാതാവായും മലയാള സിനിമയിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിക്കാൻ സാധിച്ചു. സൂപ്പർ താരങ്ങളായ മോഹൻ ലാലിന്റെ 'സ്പടികം ', മമ്മൂട്ടിയുടെ ' ദി ഗോഡ്മാൻ', സുരേഷ് ഗോപിയുടെ 'ജനാധിപത്യം ' എന്നീ ചിത്രങ്ങളുടെയും ഭാഗമായി.
ഏകദേശം 30 ഓളം മലയാള സിനിമകൾ മാത്രമേ അഭിനയിക്കാൻ സാധിച്ചിട്ടുള്ളൂ എങ്കിലും, 1994 ൽ പുറത്തിറങ്ങിയ 'വെണ്ടർ ഡാനിയേൽ' എന്നൊരൊറ്റ ചിത്രത്തിലെ അഭിനയിത്തിലൂടെ മലയാള സിനിമ പ്രേഷകരുടെ മനസ്സിൽ ഒരു സ്ഥാനം പിടിച്ചു പറ്റിയ നടനാണ് അദ്ദേഹം.
1995 ൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള 43 - മത് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ച ശ്രീ. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത 'കഥാപുരഷൻ ' എന്ന ചിത്രത്തിന്റെയും ഭാഗമാകാൻ സാധിച്ചത് അദ്ദേഹത്തിന് ലഭിച്ച അംഗീകാരം തന്നെയാണ്.
2002 ജനുവരിയിൽ പാലക്കാട് നടന്ന ഒരു വാഹന അപകടത്തിൽ ശ്രീ. രാജു മരണപ്പെട്ടു. അദ്ദേഹത്തിന്റെ മകൻ ജെറി ബോളിവുഡ് ഫിലിം പ്രൊഡക്ഷൻ കമ്പനിയിൽ അസോസ്സിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു വരുന്നു. മകൾ ജെനി ബാംഗ്ലൂറിൽ ആരോഗ്യ പ്രവർത്തകയാണ്.