കുലശേഖരം പാലം നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി മുഹമ്മദ് റിയാസ്
വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ കുലശേഖരത്തേയും കാട്ടാക്കട മണ്ഡലത്തിലെ പേയാടിനേയും ബന്ധിപ്പിക്കുന്ന കുലശേഖരം പാലത്തിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നു പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. പാലത്തിന്റെ നിര്‍മാണ പുരോഗതി മന്ത്രി നേരിട്ടെത്തി വിലയിരുത്തി. പാലം യാഥാര്‍ഥ്യമാകുന്നതോടെ വട്ടിയൂര്‍ക്കാവില്‍നിന്നു പേയാടേയ്ക്കുള്ള ദൂരം പത്തു കിലോമീറ്ററോളം കുറയ്ക്കാന്‍ കഴിയുമെന്നു മന്ത്രി ചൂണ്ടിക്കാട്ടി. പാലം നിര്‍മാണത്തിന്റെ ഇനിയുള്ള ഘട്ടങ്ങള്‍ ഓരോ മാസവും ടാര്‍ഗറ്റ് നല്‍കിയാകും പൂര്‍ത്തിയാക്കുക. ഓരോ മാസവും എത്രത്തോളം നിര്‍മാണം പൂര്ത്തിയായെന്നതു സംബന്ധിച്ച് വട്ടിയൂര്‍ക്കാവ്, കാട്ടാക്കട എംഎല്‍എമാരുടെ നേതൃത്വത്തില്‍ അതതു മാസങ്ങളില്‍ യോഗം ചേര്‍ന്നു വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.
120 മീറ്ററാണു പാലത്തിന്റെ നീളം. വാഹന ഗതാഗതത്തിന് 7.5 മീറ്ററും ഇരുവശത്തും നടപ്പാതയ്ക്കായി 1.5 മീറ്ററുമാണു വീതി. പാലത്തിന്റെ ഇരു കരകളിലുമായി 550 മീറ്റര്‍ അപ്രോച്ച് റോഡും നിര്‍മിക്കും. എം.എല്‍.എമാരായ വി.കെ. പ്രശാന്ത്, ഐ.ബി. സതീഷ്, പൊതുമരാമത്ത് വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.