നെടുങ്കണ്ടം കസ്റ്റഡി മരണം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു
നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖാപിച്ചു. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായിരുന്നു. ഇന്നലെ പൊലീസ് സേനയുടെ വീഴ്ചകളെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.
കൂടാതെ നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും കൊല്ലപ്പെട്ട രാജ്കുമാറിന്റെ അമ്മ കസ്തൂരി ആവശ്യപ്പെട്ടിരുന്നു. ഈയൊരു സാഹചര്യത്തിലാണ് നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.സിറ്റിംഗ് ജഡ്ജിയെ വിട്ടുതരാന്‍ ഹൈക്കോടതിയോട് സര്‍ക്കാര്‍ ആവശ്യപ്പെടും. നിശ്ചിത സമയത്തിനുള്ളില്‍ അന്വേഷണം തീര്‍പ്പാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്കായിരിക്കും സര്‍ക്കാര്‍ പോവുക.
രാജ്കുമാറിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട തെളിവുകള്‍ അടങ്ങിയ ക്രൈംബ്രാഞ്ചിന്റെ വസ്തുതാ റിപ്പോര്‍ട്ട് ഡിജിപി ലോക്നാഥ് ബഹ്റക്ക് കൈമാറി. ക്രൈം ബ്രാഞ്ച് എ ഡി ജി പിയാണ് വസ്തുതാ റിപ്പോർട്ട് കൈമാറിയത്