ആസാം-മിസോറാം അതിര്‍ത്തി സംഘര്‍ഷം; വിശദീകരണം തേടി കേന്ദ്രസര്‍ക്കാര്‍
ദില്ലി: ആസാം-മിസോറാം അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാരുകളോട് വിശദീകരണം തേടി കേന്ദ്ര സര്‍ക്കാര്‍. ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസും, കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇരുസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും സംസാരിച്ചു. അതേസമയം വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്കുമാര്‍ ഭല്ലയുടെ അധ്യക്ഷതയില്‍ ഇന്ന് ഇരു സംസ്ഥാനങ്ങളുടെയും പ്രത്യേക യോഗം ചേരും. ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുക്കും.
മിസോറാമിലെ കോലാസിബ് ജില്ലയിലും അസമിലെ കാച്ചര്‍ ജില്ലയിലുമാണ് സംഘര്‍ഷം ഉണ്ടായത്. മിസോറമിലെ കോലാസിബ് ജില്ലയിലാണു വൈരെംഗ്തേ. ആസാമിനെ മിസോറമുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 306 കടന്നുപോകുന്നത് മിസോറമിന്റെ വടക്കേയറ്റമായ വൈരെംഗ്തേയിലൂടെയാണ്.ഇതിന്റെ തൊട്ടടുത്ത ഗ്രാമമാണ് ആസാമിലെ ലൈലാപുര്‍. ശനിയാഴ്ച വൈകുന്നേരം വൈരെംഗ്തേയില് ഒത്തുചേര്‍ന്ന പ്രദേശവാസികളെ ആസാമില്‍ നിന്നുള്ളവര്‍ ആക്രമിക്കുകയും കല്ലെറിയുകയും ചെയ്തു. ഇതിനു തിരിച്ചടിയായി വൈരെഗ്തേ നിവാസികള്‍, ദേശീയപാതയ്ക്കു സമീപം ലൈലാപുര്‍ നിവാസികളുടെ 20 കുടിലുകളും സ്റ്റാളുകളും തീവച്ചു. സംഘര്‍ഷം മണിക്കൂറുകള്‍ നീണ്ടുനിന്നു. ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
അതേസമയം സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതായി അധികൃതര്‍ അറിയിച്ചു. അതേസമയം സംഘര്‍ഷ ബാധിത മേഖലകളായ മിസോറാമിലെ വൈറെങ്ടെ ഗ്രാമത്തിലും അസമിലെ ലൈലാപൂരിലും അര്‍ധ സൈനികരെ വിന്യസിച്ചു. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്.