110 രാജ്യങ്ങളില്‍ കോവിഡ് കുതിച്ചുയരുന്നു
നൂറ്റിപ്പത്ത് രാജ്യങ്ങളില്‍ കോവിഡ് (COVID-19) കേസുകള്‍ വര്‍ധിച്ചു വരികയാണെന്നും ഒമിക്രോണ്‍ (Omicron) ഉപവിഭാഗങ്ങളായ ബിഎ.4 ഉം ബിഎ.5 ഉം ആണ് അതിവേഗം വ്യാപിക്കുന്നതെന്നും ലോകാരോഗ്യ സംഘടന (World Health Organization).
അമേരിക്കയിലെ കോവിഡ് കേസുകളില്‍ പകുതിയോളവും ബിഎ.4 ഉം ബിഎ. 5 ഉം ആണെന്നും സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചു.
ജൂണ്‍ 25 വരെയുള്ള കണക്കനുസരിച്ച്, അമേരിക്കയിലെ മൊത്തം കൊറോണ വൈറസ് കേസുകളില്‍ 36.6 ശതമാനവും ബിഎ.4 കേസുകളാണ്. ബിഎ.5 കേസുകള്‍ 15.7 ശതമാനമാണ്. കോവിഡ് മൂലമുള്ള മരണങ്ങള് വര്‍ദ്ധിക്കുകയാണെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി. കോവിഡ് മരണങ്ങളില്‍ 20 ശതമാനം വര്‍ധനവ് ഉണ്ടായതായി ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് (Tedros Adhanom Ghebreyesus) പറഞ്ഞു. മഹാമാരിയുടെ സ്വഭാവത്തില്‍ മാറ്റം വരികയാണെന്നും എന്നാല്‍ അത് അവസാനിച്ചിട്ടില്ലെന്നും ഇനിയും കൂടുതല്‍ വകഭേദങ്ങള്‍ പ്രത്യക്ഷപ്പെട്ടേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.