സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ; വിജയ് പി നായര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: യൂട്യൂബില്‍ സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ തിരുവനന്തപുരം സ്വദേശി വിജയ് പി നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കല്ലിയൂരിലെ വീട്ടില്‍നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഐടി വകുപ്പ് 67, 67എ എന്നീ വകുപ്പ് ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.
തിങ്കളാഴ്ചയാണ് ഇയാള്‍ക്കെതിരേ ഐടി ആക്റ്റിലെ 67, 67എ എന്നീ വകുപ്പുകള്‍ ചുമത്തുകയായിരുന്നു. നേരത്തേ ഇയാള്‍ക്കെതിരേ ജാമ്യം ലഭിക്കാവുന്ന ദുര്‍ബലമായ വകുപ്പുകള്‍ മാത്രമായിരുന്നു ചുമത്തിയത്.
നേരത്തേ ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് വീട്ടില്‍ പരിശോധന നടത്തിയത്.
നേരത്തേ വിജയ് പി നായരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ശബ്ദകലാകാരി ഭാഗ്യലക്ഷ്മിക്കും ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. വിജയ് പി നായര്‍ നല്കിയ പരാതിയിലാണ് തമ്ബാനൂര്‍ പൊലീസ് കേസെടുത്തത്. അതിക്രമിച്ചു കടക്കല്‍, ഭീഷണി, കൈയ്യേറ്റം ചെയ്യല്‍, മോഷണം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.