
പൂരാവേശത്തിൽ കേരളം
തൃശ്ശൂർ : പൂരപ്രേമികളെ ആവേശത്തിലാക്കി പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം ആരംഭിച്ചു. കണിമംഗലം ശാസ്താവിന്‍റെ ആദ്യ പൂരം വടക്കുംനാഥന്‍റെ സന്നിധിയിലെത്തി വലംവച്ചു. വിവിധ ഘടക പൂരങ്ങൾ ഇതേപോലെ വടക്കുംനാഥ സന്നിധിയിൽ എത്തും.
ഘടക പൂരങ്ങളിൽ ആദ്യത്തേതാണ് കണിമംഗലം ശാസ്താവിന്‍റേത്. പ്രധാനപ്പെട്ട എട്ട് ക്ഷേത്രങ്ങളിലെയും പൂരങ്ങൾ വടക്കുംനാഥ സന്നിധിയിലെത്തുന്നതോടെ പൂരത്തിന്‍റെ ആഘോഷം കൊടുമുടിയിലെത്തും. 11നു പഴയ നടക്കാവിൽ മഠത്തിൽ വരവ് പഞ്ചവാദ്യത്തിനു കോങ്ങാട് മധു പ്രമാണിയാകും.
12.30നു പാറമേക്കാവ് അമ്പലത്തിനു മുന്നിൽ ഭഗവതിയെ പുറത്തേക്കെഴുന്നള്ളിക്കുന്ന ചടങ്ങിനൊപ്പം പെരുവനം കുട്ടൻ മാരാരുടെ ചെമ്പടമേളം. 2 മണിയോടെ വടക്കുന്നാഥക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിലെ ഇലഞ്ഞിത്തറയിൽ ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളം. 2.45നു ശ്രീമൂലസ്ഥാനത്തു കിഴക്കൂട്ട് അനിയൻമാരാരുടെ പ്രമാണത്തിൽ തിരുവമ്പാടിയുടെ പാണ്ടിമേളം അരങ്ങേറും.
വൈകിട്ട് 5.30നു തെക്കേഗോപുരനടയിൽ വിശ്വപ്രസിദ്ധമായ കുടമാറ്റം. രാത്രി 11നു പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യത്തിനു പരയ്ക്കാട് തങ്കപ്പൻ മാരാർ പ്രമാണിയാകും. തുടർന്നു പുലർച്ചെ മൂന്നിനു പൂരവെടിക്കെട്ട്. നാളെ രാവിലെ 9നു ശ്രീമൂല സ്ഥാനത്ത് പൂരം വിടച്ചൊല്ലിപ്പിരിയും.