മഴക്കെടുതി: കുടുംബങ്ങൾക്ക് 10000 രൂപ അടിയന്തിര സഹായം; വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ ദുരിതം നേരിട്ട കുടുംബങ്ങൾക്ക് പതിനായിരം രൂപ അടിയന്തിര സഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്ത പ്രതികരണ നിധിയിൽനിന്നാണ് തുക അനുവധിക്കുന്നത്. കൂടാതെ ദുരന്തത്തിൽ മരണമടഞ്ഞ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകും. തകർന്ന വീടുകൾക്ക് 4 ലക്ഷം രൂപ നൽകും. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് സ്ഥലം വാങ്ങാൻ 6 ലക്ഷം ഉൾപ്പെടെ 10 ലക്ഷം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ പ്രളയത്തിന്റെ അനുഭവത്തിൽ കൃത്യമായ പരിശോധനയുടെ ഭാഗമായി വേണം നഷ്ടപരിഹാരം കണക്കാക്കാൻ. തദ്ദേശഭരണ സ്ഥാപന സെക്രട്ടറി പരിശോധിച്ചു ദുരന്തബാധിത വീടുകൾ ഏതൊക്കെയാണെന്ന് കണ്ടെത്തും. അർഹരായ എല്ലാവരെയും ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി പത്ര സമ്മേളനത്തിൽ പറഞ്ഞു.