ദൈവമൊരു തെറ്റ് ചെയ്തു തോമസ്; ത്രില്ലർ തരംഗത്തിൽ കയ്യടി നേടി SWAP
ത്രില്ലർ ജോണറിലുള്ള ചിത്രങ്ങൾ എക്കാലവും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്, പ്രത്യേകിച്ച് മലയാളി പ്രേക്ഷകർക്ക്. അതുകൊണ്ട് തന്നെയാണ് ആ ജോണറിൽ വരുന്ന മികച്ച ചിത്രങ്ങൾ കയ്യടി നേടുന്നതും. എന്നാൽ പുതിയ ഓരോ ചിത്രങ്ങളും ഒരുക്കുമ്പോൾ അണിയറ പ്രവർത്തകർ നേരിടുന്ന പ്രധാന വെല്ലുവിളി അതേ ജോണറിൽ വിജയിച്ച മുൻ ചിത്രങ്ങൾ ചേർത്ത് നിർത്തിയുള്ള താരതമ്യങ്ങളാണ്. രാക്ഷസനു ശേഷം മലയാളത്തിൽ റിലീസായ അഞ്ചാം പാതിരയും, ഫോറെൻസിക്കും ഈ കമ്പാരിസൺ നേരിടേണ്ടി വന്നതും അതേ കാരണത്താലാണ്. എന്നാൽ ഈ സിനിമകളോട് ഒക്കെ കിടപിടിക്കുന്ന രീതിയിൽ ഒരു ഷോർട്ട് ഫിലിം കൂടി കോവിഡ് കാലത്ത് റിലീസായിരിക്കുകയാണ്. താരതമ്യങ്ങൾ എന്ന വെല്ലുവിളിയെ മേക്കിങ് കൊണ്ടും, സംഭാഷണങ്ങളിലെ പുതുമ കൊണ്ടും അതിജീവിച്ചിരിക്കുകയാണ് ഇവിടെ. SWAP - എന്ന ഹ്രസ്വ ചിത്രം ട്വിസ്റ്റുകൾ കൊണ്ട് സമ്പന്നമായ 12 മിനിറ്റിൽ മികച്ച ഒരു സിനിമ അനുഭവം പകരുന്നുണ്ട്.
സലീക് അഹമ്മദ് എന്ന നവാഗത സംവിധായകനാണ് SWAP സംവിധാനം ചെയ്തിരിക്കുന്നത്. സീറോ സബ്സ്ക്രൈബേർസ് മാത്രമുണ്ടായിരുന്ന ഷോർട്സ്ട്യൂബ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ ഷോർട്ട് ഫിലിം റിലീസ് ചെയ്തത്. എന്നാൽ മികച്ച അഭിപ്രായങ്ങൾ വന്നു തുടങ്ങിയതോടെ SWAP കൂടുതൽ ശ്രദ്ധ നേടി. സലീക് അഹമ്മദ്, ഹനീസ്, ശ്രീഷ്ണ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ജസീം ടി പി ഛായാഗ്രഹണവും, മുനീർ തൃപ്പനച്ചി എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. തിരക്കഥയും, സംഭാഷണവും നിർവ്വഹിച്ചിരിക്കുന്നത് സുരജിത്ത്. അഖിൽ വിഷ്ണു വി എസ് ഓൺലൈൻ പിആർഒ. കോസ്റ്റ്യൂംസ് സുരേഷ് കോട്ടല.