ജനദ്രോഹ ബജറ്റ്; രമേശ് ചെന്നിത്തല
തിരുവനന്തപുരം: ജനങ്ങളുടെ തലയില്‍ 1103 കോടി രൂപയുടെ അധിക ബാധ്യത കെട്ടിവെയ്ക്കുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്കിന്റേതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജനങ്ങളെ ഷോക്കടിപ്പിച്ചിരിക്കുകയാണ് ധനമന്ത്രിയെന്നും ഇത് താങ്ങാനുള്ള കരുത്ത് കേരളത്തിനില്ലെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ഈ ബജറ്റിലെ പല പ്രഖ്യാപനങ്ങളും മുന്‍ വര്‍ഷങ്ങളിലെ ആവര്‍ത്തനം മാത്രമാണെന്നും ചെന്നിത്തല ആരോപിച്ചു. ഇടുക്കി, കുട്ടനാട്, വയനാട് പാക്കേജുകള്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നെന്നും എന്നാല്‍ ഇതില്‍ നിന്ന് ഒരു രൂപ പോലും ചെലവാക്കിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. വയനാടന്‍ കാപ്പി ബ്രാന്‍ഡ് കഴിഞ്ഞ ബജറ്റിലും പ്രഖ്യാപിച്ചതാണെന്നും ആ കാപ്പി കുടിക്കാന്‍ കേരളത്തിലാര്‍ക്കും ഭാഗ്യമുണ്ടായിട്ടില്ലെന്നും ചെന്നിത്തല പരിഹസിച്ചു.
ഭൂമിയുടെ ന്യായ വില 10 ശതമാനം വര്‍ധിപ്പിച്ചത് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തകര്‍ച്ചയുടെ ആക്കം കൂട്ടുമെന്നും ചെന്നിത്തല പറഞ്ഞു. നികുതി പിരിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ ഭാരം പാവപ്പെട്ടവന്റെ തലയില്‍ കെട്ടിവെയ്ക്കുകയാണെന്നും ഇത് ജനദ്രോഹ ബജറ്റാണെന്നും ആരോപിച്ചു.