അമ്പലവയൽ സദാചാര മർദ്ദനം; രണ്ടാം പ്രതിയും പിടിയിൽ
വയനാട് : വയനാട് അമ്പലവയലില്‍ തമിഴ്നാട് സ്വദേശിനിയേയും യുവാവിനെയും മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. കേസിലെ രണ്ടാം പ്രതി തിരുവനന്തപുരം സ്വദേശിയായ വിജയകുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായത്. പ്രധാനപ്രതി സജീവാനന്ദന് യുവതിയെ ലോഡ്ജിലെത്തി ശല്യം ചെയ്തപ്പോള്‍ കുമാറും ഒപ്പമുണ്ടായിരുന്നു. ഇയാള്‍ ലീസിനെടുത്ത് നടത്തിയിരുന്ന ലോഡ്ജില്‍ വച്ചാണ് യുവതിക്കും യുവാവിനും നേരെ സദാചാര ഗുണ്ടായിസമുണ്ടായത്. തിരുവനന്തപുരം നേമത്തുനിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അതേസമയം, സജീവാനന്ദന് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. കേസില്‍ സജീവാനന്ദന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കല്പറ്റ ജില്ലാ സെക്ഷന്‍സ് കോടതി പരിഗണിക്കും.