‘വിപ്ലവം ജയിക്കാനുള്ളതാണ്’ സിനിമയുടെ സംവിധായകനെ തട്ടിക്കൊണ്ടുപോയതായി പരാതി
യുവ സംവിധായകൻ നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയതായി പരാതി. രണ്ട് മണിക്കൂര്‍ കൊണ്ട് ഒറ്റഷോട്ടിൽ ചിത്രീകരിച്ച ആദ്യ മലയാളസിനിമയെന്ന ഖ്യാദി നേടി ഗിന്നസ് റെക്കോര്‍ഡ് പുരസ്കാരം നേടിയ ‘വിപ്ലവം ജയിക്കാനുള്ളതാണ്’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് നിഷാദ്. തൃശ്ശൂർ പാവറട്ടിയിൽ വെച്ചായിരുന്നു നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
ഭാര്യ പ്രതീക്ഷയാണ് പരാതി നൽകിയിരിക്കുന്നത്. ആക്രമണത്തിനിടെ നിഷാദ് ഹസന്റെ ഭാര്യയ്ക്കും മർദ്ദനമേറ്റിട്ടുണ്ട്. ഇവർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തില്‍ പേരാമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ആഴ്ചയാണ് നിഷാദിന്റെ സിനിമ തിയറ്ററിൽ റിലീസ് ചെയ്തിരുന്നത്.