ടെസ്റ്റിൽ അഫ്ഗാൻ താരത്തിന് ആദ്യ സെഞ്ചുറി റഹ്മത് ഷാ ഹീറോ
ധാക്ക: അഫ്ഗാനിസ്ഥാനുവേണ്ടി ആദ്യ ടെസ്റ്റ് സെഞ്ചുറി നേടുന്ന താരമെന്ന നേട്ടം റഹ്മത് ഷായ്ക്ക്. ബംഗ്ലദേശിനെതിരെ ചട്ടോഗ്രാമില്‍ നടക്കുന്ന ടെസ്റ്റിലാണ് റഹ്മത് ഷാ സെഞ്ചുറി നേടിയത്. 186 പന്തുകളിൽ നിന്നായിരുന്നു താരത്തിന്റെ ആദ്യത്തെ ടെസ്റ്റ് സെഞ്ചുറി.
പത്തു ഫോറുകളും രണ്ട് സിക്സുകളും ഉൾപ്പെടെയാണ് റഹ്മത് ഷാ സെഞ്ചുറി നേടിയത് . ബംഗ്ലദേശിനെതിരെ ടോസ് നേടിയ അഫ്ഗാൻ, ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബംഗ്ലദേശ് ബോളർ നയീം ഹസൻ എറിഞ്ഞ 70ാം ഓവറിലെ രണ്ടാം പന്തിലായിരുന്നു അഫ്ഗാൻ ടെസ്റ്റ് ചരിത്രത്തിലെ ആദ്യ സെഞ്ചുറി പിറന്നത്. ഹസന്റെ പന്ത് ഫോർ പായിച്ചാണ് ഷാ സെഞ്ചുറി പൂർത്തിയാക്കിയത്.
187 പന്തിൽ 102 റണ്‍സെടുത്താണ് ഒന്നാം ഇന്നിങ്സിൽ റഹ്മത് ഷാ പുറത്തായത്. റഹ്മത് ഷാ കളിക്കുന്ന മൂന്നാമത്തെ മാത്രം ടെസ്റ്റ് മൽസരമാണ് ബംഗ്ലദേശിനെതിരായത്. നേരത്തേ കളിച്ച രണ്ട് ടെസ്റ്റുകളിൽ രണ്ട് അർധസെഞ്ചുറികളും താരം നേടിയിരുന്നു.