Saturday, October 24, 2020
 
 
News IFFK 2019

സ്ത്രീയുടെ കരുത്ത് വിളിച്ചോതുന്ന മെയ്ഡ് ഇൻ ബംഗ്ലാദേശ്

the indian state Admin
13 December 2019 09:42 AM

വർണാഭമായ വസ്ത്രങ്ങളണിഞ്ഞ് ആർത്തുല്ലസിച്ച് നടക്കുമ്പോൾ എപ്പോഴെങ്കിലും അതിന് പിന്നിലെ അധ്വാനത്തെക്കുറിച്ചോ ആ രംഗത്തെ ചൂഷണത്തെക്കുറിച്ചോ ചിന്തിക്കുന്ന ആരെങ്കിലുമുണ്ടാകുമോ? 5ജിയുടെ ലോകത്തെക്കുറിച്ചും വിഷ്വൽ പൊസിഷനിങ്ങിനെക്കുറിച്ചും ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെക്കുറിച്ചുമൊക്കെ ചിന്തിച്ചും ഗവേഷണം നടത്തിയും ആധുനികരെന്ന് അഹങ്കരിച്ച് നടക്കുമ്പോഴും സഹജീവികളായ ഒരു കൂട്ടം മനുഷ്യർ, പ്രത്യേകിച്ചും സ്ത്രീകൾ നേരിടുന്ന ദുരവസ്ഥയെ കണ്ടില്ലെന്ന് നടിക്കുന്ന കാലമാണിത്. ഈ സാഹചര്യത്തിലാണ് ധാക്കയിലെ തുണി മില്ലുകളിൽ ജോലി ചെയ്ത് ജന്മം നീറുന്ന ഒരു കൂട്ടം വനിതകളെക്കുറിച്ചുള്ള കഥ പറയുന്ന, ഡോക്യു ഡ്രാമ വിഭാഗത്തിൽ പെടുത്താവുന്ന മെയ്ഡ് ഇൻ ബംഗ്ലാദേശ് എന്ന ചിത്രം പ്രതീക്ഷ നൽകുന്നത്. കേരളത്തിൻറെ ഇരുപത്തിനാലാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച, ഡോ. റുബൈയാത്ത് ഹുസൈൻ സംവിധാനം ചെയ്ത ഈ ചിത്രം സ്ത്രീകൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്.

ധാക്കയിലെ തുണി മില്ലുകളിൽ അപകടകരവും ഹീനവുമായ സാഹചര്യങ്ങളിൽ ജോലിചെയ്യുന്ന വനിതകളിൽ ഒരു ചെറുകൂട്ടം നടത്തുന്ന അതിജീവനശ്രമങ്ങളെ വരച്ചുകാട്ടാൻ സംവിധായകൻ ഈ ചിത്രത്തിലൂടെ കിണഞ്ഞു പരിശ്രമിച്ചിരിക്കുന്നു. തൊഴിലിടത്തിലുണ്ടാകുന്ന അപകടത്തിൽ മരണപ്പെടുമ്പോൾ പോലും ആരും സഹായിക്കാനില്ലാത്ത നിസ്സഹായാവസ്ഥയിൽ നിന്നുമാണ് പ്രതികരിക്കാനുള്ള ശേഷി ഷിമു നേടിയെടുക്കുന്നത്. കുറഞ്ഞ കൂലിയും മാനേജ്മെൻറിന്റെ പീഡനവും, വിശ്രമമില്ലായ്മയും ലൈംഗിക ചൂഷണവും ഒക്കെ സഹിക്കേണ്ടിവരുന്ന ഇവർക്ക് വേണ്ടി ശബ്ദമുയർത്താൻ ആരും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ഇത്തരുണത്തിലാണ് രാജ്യത്തെ തൊഴിൽ നിയമങ്ങളടക്കം പഠിച്ചു കൊണ്ട് ഒരു തൊഴിൽ സംഘടന രൂപപ്പെടുത്തിയെടുക്കാൻ ഷിമു ധൈര്യപൂർവ്വം മുന്നോട്ടു വരുന്നത്. വീട്ടിൽ നിന്നോ കൂടെ ജോലി ചെയ്യുന്ന ബഹുഭൂരിപക്ഷം വരുന്ന സഹപ്രവർത്തകരിൽ നിന്നോ എന്തിന് നിയമം നടപ്പാക്കേണ്ട അധികാരികളിൽ നിന്നോ പോലും സഹായം ലഭിക്കാതിരുന്നിട്ടും അനിവാര്യമായ ഒരു തുടക്കത്തിന് ധൈര്യപൂർവ്വം വിത്തിടുന്ന ഷിമുവിനെ അഭിനന്ദിക്കാതെ തരമില്ല.

സിനിമയുടെ മറ്റു വശങ്ങളെക്കുറിച്ചൊന്നും ചർച്ച ചെയ്യാതെ തന്നെ, സാമൂഹികപ്രസക്തി ഒന്നുകൊണ്ടുമാത്രം ഒരു മികച്ച ചിത്രമായി ഇതിനെ അടയാളപ്പെടുത്താം. സെക്സിന്റെ അതിപ്രസരത്തിൽ അഭിരമിപ്പിക്കുന്നവരായോ, മതത്തിൻറെ നീരാളിപ്പിടുത്തത്തിൽ ഉഴറുന്നവരായോ സ്ത്രീകളെ ചിത്രീകരിക്കുന്ന പ്രവണത ലോകം മുഴുവൻ നിലനിൽക്കുമ്പോൾ, ബംഗ്ലാദേശ് പോലുള്ള ഒരു പിന്നോക്കരാജ്യത്ത് നിന്ന് വന്ന ഈ സ്ത്രീപക്ഷ/സ്ത്രീ പ്രധാന സിനിമ ഇപ്പോഴും പ്രതീക്ഷയ്കിടമുണ്ട് എന്ന ചിന്ത പങ്കുവെക്കുന്നു. റിതിക നന്ദിനി ഷിമു അവതരിപ്പിച്ച ഷിമു എന്ന കഥാപാത്രത്തെ നോക്കി ധൈര്യപൂർവ്വം ഉറക്കെ പറയാം, ഇതാണ് പെണ്ണ്, ഇങ്ങനെയാവണം പെണ്ണ്...

സിന്ധു പ്രഭാകരൻ

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration