സ്പ്ലിംഗര്‍ തന്റെ മാത്രം തീരുമാനം; സുരക്ഷ പ്രശ്നമില്ല; വിശദീകരിച്ച് ഐടി സെക്രട്ടറി
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ സ്പ്രിംഗ്ളര്‍ വിഷയവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ വിശദീകരണവുമായി ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസ്. സ്വന്തം വിവേചനാധികാരം ഉപയോഗിച്ച് താന്‍ തന്നെയാണ് സ്പ്രിംഗ്ളര്‍ സേവനം തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്പ്രിംഗ്ളര്‍ സേവനം സൗജന്യമാണെന്ന് ഉറപ്പു വരുത്തിയിരുന്നു. സുരക്ഷാ പ്രശ്നമില്ലെന്ന് വ്യക്തമായി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമ വകുപ്പിന്റെ ഉപദേശം തേടണമെന്ന് തോന്നിയില്ല. വിവരങ്ങള്‍ ശേഖരിക്കാന്‍ ഒരു ടെക്നോളജിക്കല്‍ പ്ലാറ്റ്ഫോം വേണമെന്ന് തീരുമാനിച്ചിരുന്നു. ആ പ്ലാറ്റ്ഫോം ഏതാണെന്ന് തെരഞ്ഞെടുത്തതും ഒപ്പിട്ടതും തന്റെ ഉത്തരവാദിത്തമാണ്. അതൊരു പര്‍ച്ചേസ് തീരുമാനമാണ്. അതില്‍ മറ്റാരും കൈ കടത്തിയിട്ടില്ല. രേഖകളില്‍ കൃത്രിമത്വം വന്നുവെന്ന ആരോപണങ്ങളെ തള്ളിക്കളഞ്ഞ ഐടി സെക്രട്ടറി തന്റെ തീരുമാനങ്ങളില്‍ തെറ്റുണ്ടെങ്കില്‍ വിമര്‍ശനങ്ങള്‍ കൂടി കണക്കിലെടുത്ത് ഇക്കാര്യം പുനഃപരിശോധിക്കുമെന്നും പറഞ്ഞു.