ജോസ് വിഭാഗത്തിന് വീണ്ടും തിരിച്ചടി; ജോസ് മോന് മുണ്ടയ്ക്കല്‍ പാര്‍ട്ടി വിട്ടു, ജോസഫ് വിഭാഗത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും
കോട്ടയം:കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം കോട്ടയം ജില്ല സെക്രട്ടറി ജോസ്മോന് മുണ്ടയ്ക്കല്‍ പാര്‍ട്ടി വിട്ടു. ശക്തി കേന്ദ്രമായ കോട്ടയത്തിലെ ജില്ലാ സെക്രട്ടറി തന്നെ പാര്‍ട്ടി വിട്ടത് ജോസ് വിഭാഗത്തിന് തിരിച്ചടിയായി. ജോസഫ് വിഭാഗത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും യു.ഡി.എഫിന്റെ ഭാഗമല്ലാത്ത പാര്‍ട്ടിക്കൊപ്പം നില്‍ക്കാനാവില്ലെന്നും ജോസ് മോന് മാദ്ധ്യമങ്ങളോട് പറഞ്ഞു.
യു.ഡി.ഫില്‍ നിന്നുള്ള നടപടി ചോദിച്ച് വാങ്ങി ഇടതുമുന്നണിയിലേക്ക് പോകാനാണ് ജോസ് കെ മാണി ശ്രമിച്ചത്. മാണിസാറിന്റെ ആത്മാവിനോട് നീതിപുലര്‍ത്തണമെങ്കില്‍ ജോസ് കെ മാണി യു.ഡി.എഫില്‍ നില്‍ക്കണം. യു.ഡി.എഫ് വിട്ടുപോകാനായിരുന്നു ജോസ് കെ മാണി ശ്രമിച്ചത്. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുമെന്നും ജോസ് മോന് പറഞ്ഞു. ജോസ് കെ മാണി പക്ഷത്ത് നിന്ന് കൂടുതല്‍ പേര് ഒപ്പം വരുമെന്നും ചര്‍ച്ചകള്‍ നടത്തുകയാണെന്നും വരുന്നവരുടെ നീണ്ട ലിസ്റ്റുണ്ടെന്നും പി.ജെ ജോസഫ് രാവിലെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജോസ്മോന് മുണ്ടയ്ക്കല്‍ പാര്‍ട്ടി വിടുമെന്ന് അറിയിച്ചത്.