രാജ്യത്തെ ആദ്യ ആന്റി റേഡിയേഷന് മിസൈല്‍ 'രുദ്രം-1' വിജയകരമായി പരീക്ഷിച്ചു
രാജ്യത്തെ ആദ്യ ആന്റി റേഡിയേഷന് മിസൈല്‍ 'രുദ്രം-1' ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. വ്യോമസേനയുടെ നേതൃത്വത്തില്‍ ഒഡീഷയിലെ ബാലസോറിലെ ടെസ്റ്റിങ് റേഞ്ചില്‍നിന്നായിരുന്നു പരീക്ഷണം. നേട്ടത്തെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു. പ്രതിരോധ ഗവേഷണ, വികസന കേന്ദ്രം (ഡിആര്‍ഡിഒ) വികസിപ്പിച്ച രുദ്രം, സുഖോയ്-30 യുദ്ധവിമാനത്തില്‍നിന്നാണ് വിക്ഷേപിച്ചത്. വ്യോമസേനയുടെ നേതൃത്വത്തില്‍ ഒഡീഷയിലെ ബാലസോറിലെ ടെസ്റ്റിങ് റേഞ്ചില്‍നിന്നായിരുന്നു പരീക്ഷണം.
ശബ്ദത്തേക്കാള്‍ രണ്ടിരട്ടി വേഗത്തില്‍ (0.6- 2 മാക്) പായാന്‍ കെല്‍പ്പുള്ള മിസൈലാണ് വ്യോമസേന വെള്ളിയാഴ്ച പരീക്ഷിച്ച രുദ്രം-1. വിക്ഷേപിക്കുന്ന ഉയരത്തിന് അനുസരിച്ച് 100 മുതല്‍ 250 കിലോമീറ്റര്‍ വരെ ദൂരത്തില്‍ സഞ്ചരിച്ച് ശത്രുവിന്റെ റഡാറിനെയും മറ്റ് ആശയവിനിമയ സംവിധാനങ്ങളേയും തകര്‍ക്കാനും രുദ്രത്തിന് സാധിക്കും.
ശത്രുവിന്റെ വ്യോമപ്രതിരോധ സംവിധാനത്തെ അങ്ങോട്ടു കടന്നുകയറി ആക്രമിക്കാനുള്ള കരുത്ത് ഇതോടെ ഇന്ത്യന്‍ വ്യോമസേനയ്ക്കായതായാണ് ശാസ്ത്രജ്ഞന്മാരുടെ വിലയിരുത്തല്‍. വിക്ഷേപിച്ചതിനു ശേഷവും ലക്ഷ്യം മാറ്റാന്‍ കഴിവുള്ള മിസൈലാണ് രുദ്രം-1. വായു-ഉപരിതല ആന്റി റേഡിയഷന്‍ മിസൈലായ രുദ്രം, 100 കിലോമീറ്റര്‍ വരെ അകലെയുള്ള റേഡിയോ ഫ്രീക്വന്‍സികള്‍ തിരിച്ചറിഞ്ഞ് ശത്രുവിന്റെ പ്രതിരോധസംവിധാനങ്ങളെ തകര്‍ക്കും.