ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക് കാര്‍ കോന ഈ മാസം
ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക് കാര്‍ കോന ഇന്ത്യൻ നിരത്തിലെത്താന്‍ തയാറെടുക്കുകയാണ്. ജൂലായ് ഒമ്പതിന് കോനയെ ഇന്ത്യക്ക് സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെത്തുന്ന ആദ്യ ഫുള്‍ ഇലക്ട്രിക് എസ്യുവി എന്ന വിശേഷണം നേടിയാണ് ഹ്യുണ്ടായി കോനയുടെ വരവ്. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത ശേഷം ചെന്നൈ പ്ലാന്റില്‍ അസംബിള്‍ ചെയ്താണ് കോന നിരത്തുകളിലേക്ക് എത്തുക.പ്രഥമിക ഘട്ടത്തില്‍ കോനയുടെ 1000 യൂണിറ്റ് ഇന്ത്യയിലെത്തിക്കാനാണ് ഹ്യുണ്ടായി ലക്ഷ്യമിടുന്നത്. പിന്നീട് വിപണിയില്‍ വാഹനത്തിന്റെ ആവശ്യം അനുസരിച്ചു കൂടുതല്‍ വാഹനങ്ങള്‍ എത്തിക്കുകയെന്നാണ് കമ്പനി നല്കുന്ന സൂചന.
ഹ്യുണ്ടായിയുടെ പതിവ് ഡിസൈന്‍ ശൈലിയാണ് ഈ വാഹനത്തിലും നല്‍കിയിട്ടുള്ളത്. എന്നാല്‍, ചാര്‍ജിങ് സോക്കറ്റ് നല്‍കുന്നതിന് ഗ്രില്ല് നീക്കം ചെയ്തിട്ടുണ്ട്. നേര്‍ത്ത ഹെഡ്ലാമ്പും മുകളിലേക്ക് കയറിയുള്ള ഫോഗ് ലാമ്പും വലിയ ബമ്പറും ഗ്രില്ലിന്റെ അഭാവം പരിഹരിക്കുന്നുണ്ട്.
സ്റ്റാന്‍ഡേര്‍ഡ്, എക്സ്റ്റെന്റഡ് എന്നീ രണ്ടു വേരിയന്റുകളാണ് കോനയ്ക്കുള്ളത്. ബേസ് വേരിയന്റായ സ്റ്റാന്റേഡ് കോന ഒറ്റചാര്‍ജില്‍ 312 കിലോമീറ്ററും കൂടിയ രണ്ടാമത്തെ വേരിയന്റായ എക്സ്റ്റെന്റഡ് 482 കിലോമീറ്ററും ഓടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. സ്റ്റാന്റേഡ് കോനയില്‍ 39.2 kWh ബാറ്ററിയും എക്സ്റ്റന്റില് 64 kWh ബാറ്ററിയുമാണുള്ളത്. ഫാസ്റ്റ് ചാര്ജറില് 54 മിനിറ്റിനുള്ളില്‍ ബാറ്ററി 80 ശതമാനത്തോളം ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് കമ്പനി ഉറപ്പുനല്‍കുന്നത്.
വിദേശത്തുള്ള ഇലക്ട്രിക് ഇതര കോനയെക്കാള്‍ 15 എംഎം നീളവും 20 എംഎം ഉയരവും ഇലക്ട്രിക്കിന് കൂടുതലുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള്, ലൈന്‍ സെന്‍ട്രിങ് സിസ്റ്റം, റിയര്‍ ക്രോസിങ് ട്രാഫിക് അലര്‍ട്ട്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ് തുടങ്ങി നിരവധി ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനങ്ങളും കോനയിലുണ്ടാകും. വില വിവരങ്ങൾ വെളിവായിട്ടില്ല.