പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇനി ലഭിക്കുക മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും
ആലപ്പുഴ: അടുത്ത മാസം മുതല്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നല്‍കുക മോട്ടോര്‍ വാഹന വകുപ്പ്. പുക പരിശോധനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടരുന്നതിനാലാണ് പുതിയ തീരുമാനം. വാഹനങ്ങളിലെ പുക പരിശോധന പഴയതു പോലെ പരിശോധനാ കേന്ദ്രങ്ങളില്‍ തന്നെ തുടരും. തുടര്‍ നടപടികള്‍ ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കി മോട്ടോര്‍ വാഹന വകുപ്പായിരിക്കും സര്‍ട്ടിഫിക്കറ്റ് നല്‍കുക.
ബി എസ് 4 വാഹനങ്ങള്‍ക്ക് ഇപ്പോഴും ആറു മാസത്തെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ് പുക പരിശോധനയുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് കാരണം. ഒരു വര്‍ഷം കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ടതാണെങ്കിലും ആര് സി ബുക്കില്‍ ബി എസ് 4 എന്ന് രേഖപ്പെടുത്താത്ത വാഹനങ്ങള്‍ക്ക് ആറു മാസത്തെ സര്‍ട്ടിഫിക്കറ്റ് തന്നെയാണ് ഇപ്പോഴും നല്‍കുന്നത്.
2017 ഏപ്രിലിന് ശേഷം ഇറങ്ങിയ വാഹനങ്ങളെല്ലാം ബി എസ് 4 വിഭാഗത്തില്‍പ്പെട്ടതാണ്. ഇതിന് ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റാണ് നല്‍കേണ്ടത്. എന്നാല്‍ 2017 ന് മുന്‍പും ബി എസ് 4 വാഹനങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. ഇത് ആര് സി ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവില്ല. ഇതാണ് ഇപ്പോള്‍ നിലനില്‍ക്കുന്ന തര്‍ക്കത്തിന് കാരണം.
വാഹനം ബി എസ് 4 ആണെന്നുള്ള സര്‍ട്ടിഫിക്കറ്റ് വാഹന ഡീലര്‍മാരില്‍ നിന്നും വാങ്ങി സൂക്ഷിക്കണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നത്. ഇത് പരിശോധനാ സമയത്ത് കാണിച്ചാല്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് നല്‍കണം. ബി എസ് ഫോര്‍ ഇരുചക്ര, മുച്ചക്ര വാഹനങ്ങളിലെ മലിനീകരണ തോത് എത്രവരെയാകാമെന്ന് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് അസോസിയേഷന് പറയുന്നത്. എന്നാല്‍ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് നേരിട്ട് മോട്ടോര്‍ വാഹന വകുപ്പിന്റെ കൈകളിലാകുമ്ബോള് ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.