Tuesday, November 24, 2020
 
 
News

ശ്രീലക്ഷ്മി ഞാനാ ശൈലജ ടീച്ചര്‍... അമ്പരപ്പോടെ നന്ദിയറിയിച്ച് ശ്രീലക്ഷ്മി

the indian state Admin
04 May 2020 08:36 PM

ദിശ കോവിഡ് ഹെല്‍പ് ലൈന്‍: 104 ദിനങ്ങള്‍ ഒരു ലക്ഷം കോളുകള്‍

ഒരു ലക്ഷം തികയുന്ന കോള്‍ എടുത്ത് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കോവിഡ്-19 സംശയങ്ങളുമായി ബന്ധപ്പെട്ട് മലയാളികളുടെ മനസില്‍ പതിഞ്ഞ നമ്പരാണ് ദിശ 1056. പതിവ് പോലെ കോവിഡ് സംശയങ്ങള്‍ ചോദിച്ച് ഒരു ലക്ഷം തികയുന്ന കോളെത്തി. ആ കോള്‍ എടുത്തതാകട്ടെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും. ചെന്നൈയില്‍ നിന്ന് ശ്രീലക്ഷ്മിയായിരുന്നു ദിശയില്‍ സംശയം ചോദിച്ച് വിളിച്ചത്. മന്ത്രിയാകട്ടെ സ്വയം പരിചയപ്പെടുത്താതെയാണ് സംസാരിച്ചത്. 'ശ്രീലക്ഷ്മീ പറയൂ... അതെ ദിശ, നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത് വേണം കേരളത്തിലേക്ക് വരാന്‍. അതിര്‍ത്തിയില്‍ പരിശോധനയുണ്ട്. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. അല്ലെങ്കില്‍ വീട്ടിലെ 14 ദിവസത്തെ കര്‍ശന നിരീക്ഷണത്തിലായിരിക്കും. വീട്ടില്‍ പ്രായമായവരുണ്ടെങ്കില്‍ വളരെയേറെ ശ്രദ്ധിക്കണം. ടൊയിലറ്റ് സൗകര്യമുള്ള ഒറ്റയ്‌ക്കൊരു മുറിയില്‍ തന്നെ കഴിയണം. ആരുമായും ഇടപഴകരുത്. വീട്ടില്‍ ഒരാള്‍ക്ക് ഭക്ഷണം നല്‍കാവുന്നതാണ്. സൗകര്യമില്ലാത്തവര്‍ക്ക് പ്രത്യേക ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ താമസിക്കാവുന്നതാണ്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ശ്രീലക്ഷ്മീ ഞാനാ ശൈലജ ടീച്ചര്‍, ആരോഗ്യ വകുപ്പ് മന്ത്രി. ഒരു ലക്ഷം തികയുന്ന കോള്‍ ആയതു കൊണ്ടാ എടുത്തത്' മന്ത്രിയോടാണ് സംസാരിക്കുന്നതെന്നറിഞ്ഞ ശ്രീലക്ഷ്മി അല്‍പം പരിഭ്രമിച്ചുവെങ്കിലും ഉടന്‍തന്നെ ആരോഗ്യ വകുപ്പിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള നന്ദിയറിയിച്ചു. എല്ലാവരും കൂടിയാണ് ഈ വിജയത്തിന്റെ പിന്നിലെന്ന് മന്ത്രിയും വ്യക്തമാക്കി.

കോവിഡ് കാലത്ത് ദിശയിലേക്ക് വരുന്ന കോളുകള്‍ ഇങ്ങനെയാണ്. കോവിഡിന്റെ ആദ്യഘട്ടത്തില്‍ കഴിഞ്ഞ ജനുവരി 22നാണ് ദിശയെ കോവിഡ്-19 ഹെല്‍ത്ത് ഹെല്‍പ്പ് ലൈനാക്കിയത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദിശ ഹൈല്‍പ് ലൈനില്‍ ഇതുവരെ ഒരുലക്ഷത്തിലധികം കോളുകളാണ് വന്നത്. ഏറ്റവുമധികം കോള്‍ (13,950) വന്നത് വീട്ടിലെ നിരീക്ഷണത്തെ പറ്റിയുള്ള സംശയം ചോദിച്ചാണ്. രോഗലക്ഷണങ്ങള്‍ ചോദിച്ച് 10,951 കോളുകളും കോവിഡ് മുന്‍കരുതലുകളും യാത്രകളും സംബന്ധിച്ച് 6,172 കോളുകളും ഭക്ഷണത്തിനും മറ്റുമായി 5,076 കോളുകളും ടെലി മെഡിസിനായി 4,508 കോളുകളും മരുന്നിന്റെ ലഭ്യതയ്ക്കായി 3,360 കോളുകളും കോവിഡ് പരിശോധനയും അതിന്റെ ഫലത്തിനുമായി 2,508 കോളുകളുമാണ് വന്നത്. ഏറ്റവുമധികം കോള്‍ വന്നത് തിരുവനന്തപുരം (11,730) ജില്ലയില്‍ നിന്നും ഏറ്റവും കുറവ് കോള്‍ വന്നത് വയനാട് (902) ജില്ലയില്‍ നിന്നുമാണ്. ഇതില്‍ 10 ശതമാനം കോളുകള്‍ കേരളത്തിന് പുറത്ത് നിന്നും വന്നതാണ്. സാധാരണ പ്രതിദിനം 300 മുതല്‍ 500 വരെ കോളുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഈ ദിവസങ്ങളില്‍ പ്രതിദിനം 3000 കോളുകള്‍ വരെ ദിശയ്ക്ക് ലഭിച്ചു.

കേരള ആരോഗ്യ വകുപ്പും നാഷണല്‍ ഹെല്‍ത്ത് മിഷനും ചേര്‍ന്നുള്ള സംയുക്ത സംരംഭമായി 2013 മാര്‍ച്ചിലാണ് ടെലി മെഡിക്കല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനായ ദിശ 1056 ആരംഭിച്ചത്. ദിശ 1056, 0471 2552056 എന്നീ നമ്പരില്‍ 24 മണിക്കൂറും സേവനം ലഭ്യമാണ്. സംശയ ദൂരീകരണത്തിന് പരിചയ സമ്പന്നരായ സോഷ്യല്‍വര്‍ക്ക് പ്രൊഫഷണലുകളുടെയും ഡോക്ര്‍മാരുടെയും ഒരു ഏകോപനമാണ് ദിശ. തുടക്കത്തില്‍ 15 കൗണ്‍സിലര്‍മാരും 6 ഡസ്‌കുകളും മാത്രമുണ്ടായിരുന്ന ദിശയില്‍ കോള്‍ പ്രവാഹം കാരണം ഡെസ്‌കുകളുടെ എണ്ണം 6 ല്‍ നിന്ന് 30 ആക്കി വര്‍ദ്ധിപ്പിച്ചു. അതിനാല്‍ തന്നെ പ്രതിദിനം 4500 മുതല്‍ 5000 വരെ കോളുകള്‍ കൈകാര്യം ചെയ്യാന്‍ ദിശയ്ക്ക് കഴിയും. പരിശീലനം സിദ്ധിച്ച 55 പേരാണ് 24 മണിക്കൂറും ഇവിടെ സേവനമനുഷ്ഠിക്കുന്നത്.

യാത്ര സഹായം, ഭക്ഷ്യ വിതരണം, പ്രദേശിക സഹായം എന്നിവയ്ക്കായി വാര്‍ഡ് കൗണ്‍സിലര്‍മാര്‍, പോലീസ്, സപ്ലൈ ഓഫീസര്‍മാര്‍, കോവിഡ് റിപ്പോര്‍ട്ടിംഗിനായും വൈദ്യ സഹായത്തിനായും സംസ്ഥാന, ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂമുകള്‍, കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമുകള്‍, അതിഥി തൊഴിലാളികള്‍ക്കായി വാര്‍ റൂം, ലേബര്‍ വെല്‍ഫെയര്‍ ഓഫീസര്‍മാര്‍, എംപാനല്‍ഡ് ഡോക്ടര്‍മാര്‍, സൈക്യാര്‍ട്ടിസ്റ്റുമാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരുമായി ചേര്‍ന്നാണ് ദിശ പ്രവര്‍ത്തിച്ചു വരുന്നത്.

പ്രളയം, ഓഖി, നിപ വൈറസ് തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളെ നേരിടുമ്പോഴും ജനങ്ങള്‍ക്ക് സഹായകമായി ദിശ ഉണ്ടായിരുന്നു. ടെലിമെഡിക്കല്‍ സഹായം നല്‍കുന്നതിന് ഓണ്‍ ഫ്‌ളോര്‍ ഡോക്ടര്‍മാരും ഓണ്‍ലൈന്‍ എംപാനല്‍ഡ് ഡോക്ടര്‍മാരും അടങ്ങുന്ന ഒരു മള്‍ട്ടിഡിസിപ്ലിനറി ടീമും വിവിധ തലങ്ങളില്‍ മാനസികാരോഗ്യ സഹായം നല്‍കുന്നതിന് സൈക്യാട്രിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നിവരുടെ ഒരു ശൃംഖലയും ദിശയിലുണ്ട്.

ദിശ കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം മന്ത്രി വിലയിരുത്തി. രാത്രിയും പകലുമില്ലാതെ 24 മണിക്കൂറും സേവനമനുഷ്ഠിക്കുന്ന ദിശയിലെ മുഴുവന്‍ ജീവനക്കാരേയും അവര്‍ക്ക് സഹായം നല്‍കുന്ന വിവിധ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള എല്ലാവരേയും മറ്റ് വകുപ്പുകളേയും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, കോവിഡ്-19 നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെറ്റില്‍, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.വി. അരുണ്‍ എന്നിവര്‍ പങ്കെടുത്തു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration