കൊവിഡിനെ പിടിച്ചുകെട്ടിയ 'കേരള മോഡല്‍' ലോകത്തിന് മാതൃക; അഭിനന്ദിച്ച് കര്‍ണാടക, കേരളത്തോട് സഹായം തേടി
ബെംഗളൂരു: കൊവിഡ് 19 പ്രതിരോധത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയ്ക്കും ലോകത്തിനും മാതൃകയാണെന്ന് കര്‍ണാടക ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. സുധാകര്‍. കര്‍ണാടകത്തെ അപേക്ഷിച്ച് കേരളം പൊതുജനാരോഗ്യരംഗത്ത് ഏറെ മുന്നിലാണ്. കേരളത്തിന്റെ പ്രാഥമികാരോഗ്യ സംവിധാനങ്ങള്‍ വളരെ മികച്ചതാണ്. കൊവിഡ് പ്രതിരോധത്തില്‍ നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങളില്‍ കേരളത്തെ അഭിനന്ദിക്കുന്നതായും ഡോ. കെ. സുധാകര്‍ വ്യക്തമാക്കി.
കൊവിഡ് 19 മഹാമാരിയെ കേരളം ഫലപ്രദമായി പ്രതിരോധിക്കുന്നതിന്റെ മാര്ഗങ്ങളറിയാന് ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു കെ സുധാകര്‍. കൊവിഡ് രോഗികളെ കണ്ടെത്താന്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍, ടെസ്റ്റിംഗ്, ചികിത്സ തുടങ്ങിയവയാണ് ഇരു മന്ത്രിമാരുടെയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത് എന്ന് ബാംഗ്ലൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് 19നെ നേരിടാന്‍ തുടര്‍ന്നും ചര്‍ച്ചകള്‍ നടത്താന്‍ ഇരു സംസ്ഥാനങ്ങളും താല്പര്യം അറിയിച്ചു.
വുഹാനില്‍ നിന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ തിരിച്ചെത്തിയതു മുതല്‍ സംസ്ഥാനം മുന്‍കരുതലുകള്‍ സ്വീകരിച്ചതായി കെ കെ ശൈലജ പറഞ്ഞു. കേരളത്തില്‍ താലൂക്ക് തലത്തിലെ ശക്തമായ ആരോഗ്യസംവിധാനങ്ങള്‍ കൊവിഡ് ബാധിച്ചവരെ ക്വാറന്റൈന് ചെയ്യാനും ചികിത്സിക്കാനും എളുപ്പമാക്കുന്നു. ഇത് മരണനിരക്ക് കുറയ്ക്കാന്‍ കാരണമായതായും കെ കെ ശൈലജ കര്‍ണാടകയെ അറിയിച്ചു. കൊവിഡ് പ്രതിരോധത്തില്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളെ സഹകരിപ്പിക്കുന്നതും ഗര്‍ഭിണികളെ ചികില്സിക്കുന്നതും പ്രവാസികളുടെ ക്വാറന്റൈനുമെല്ലാം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
കൂടിക്കാഴ്ചയെ കുറിച്ച് കെ കെ ശൈലജയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം......