കോവിഡ് പ്രതിരോധം: മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനും ലോക്സഭാ സ്പീക്കറുടെ അഭിനന്ദനം
കോവിഡ് 19 വ്യാപനം ചെറുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവര്‍ത്തനത്തിന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ അഭിനന്ദനം. നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ഫോണിലാണ് അഭിനന്ദനം അറിയിച്ചത്. കേരളം സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനം മാതൃകാപരമാണ്. തന്റെ അഭിനന്ദനം സര്‍ക്കാറിനേയും മുഖ്യമന്ത്രിയേയും പ്രത്യേകം അറിയിക്കണമെന്ന് ലോക്സഭാ സ്പീക്കര്‍ പറഞ്ഞതായി പി ശ്രീരാമകൃഷ്ണന് അറിയിച്ചു.
കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനം ലോകവ്യാപകമായി ചര്‍ച്ചയാവുന്നതിനിടയിലാണ് ലോക്സഭാ സ്പീക്കറുടെ അഭിനന്ദനം. വികസിത രാജ്യങ്ങളില്‍ പോലും രോഗം ബാധിച്ചു മരിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് ആദ്യ കോവിഡ് ബാധ ജനുവരി 30നാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനു ശേഷം ജനകീയാടിസ്ഥാനത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനം സര്‍ക്കാര്‍ നടപ്പിലാക്കി. രോഗ വ്യാപനം തടയുക, വൈറസ് ബാധിച്ചവരെ ചികിത്സിച്ചു ഭേദമാക്കുക, പുതിയ വ്യാപന സാധ്യതകള്‍ ഇല്ലാതാക്കുക എന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.