കുംഭമേളയില്‍ പങ്കെടുത്ത 99 ശതമാനം പേര്‍ക്കും കൊവിഡ്
ഭോപ്പാല്‍: ഹരിദ്വാറില്‍ നിന്ന് കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ 99 ശതമാനം പേരും കൊവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്ട്. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗ വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
ഹരിദ്വാറില്‍ നിന്ന് തിരികെയെത്തിയ കുംഭമേളയില്‍ പങ്കെടുത്തവരില്‍ 99 ശതമാനം പേരിലും രോഗം കണ്ടെത്തിയെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു .ഹരിദ്വാറിലെ കുംഭമേള കൊവിഡ് സൂപ്പര്‍ സ്പ്രെഡര്‍ ആവുമെന്നുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആശങ്ക ശരിവയ്ക്കുന്നതാണ് റിപ്പോര്‍ട്ട്. മധ്യപ്രദേശില്‍ തിരികെയെത്തിയ 61 വിശ്വാസികളില്‍ 60 പേരും കൊവിഡ് പോസിറ്റീവായി. അതെ സമയം കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ പലരേയും കണ്ടെത്താനായിട്ടില്ലെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ കണ്ടെത്താനായാല്‍ മാത്രമേ എണ്ണം വ്യക്തമാകൂവെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. വിവിധ സംസ്ഥാനങ്ങളിലും കുംഭമേളയില്‍ പങ്കെടുത്ത വിശ്വാസികള്‍ കൊവിഡ് പോസിറ്റീവാകുന്ന സാഹചര്യമാണുള്ളത്.
കുഭമേളയില്‍ നിന്ന് മടങ്ങിയെത്തിയ വിശ്വാസികള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ വിവിധ സംസ്ഥാനങ്ങള്‍ ഇവര്‍ക്ക് കൊവിഡ് ടെസ്റ്റും ക്വാറന്റൈനും കര്‍ശനമാക്കുകയാണ്. മേളയില്‍ പങ്കെടുത്തവര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനാണ് ഡല്‍ഹി ഏര്‍പ്പെടുത്തിയിരിക്കുന്നത്.