ഭാരത് ബയോടെകിന്റെ കൊവാക്സിന് രാജ്യത്ത് അനുമതി നല്‍കിയേക്കും
ന്യൂഡല്‍ഹി: ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്സിനായ കൊവാക്സിന് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയേക്കും. അനുമതിക്കായി വിദഗ്ധ സമിതി സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു. നേരത്തെ, ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും ആസ്ട്രസെനേകയും ചേര്‍ന്ന് വികസിപ്പിച്ച വാക്സിനായ കൊവിഷീല്‍ഡിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു. അടിയന്തര സാഹചര്യത്തിലെ ഉപയോഗത്തിന് കൊവാക്സിന് അനുമതി നല്‍കണമെന്ന് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്‍ഗനൈസേഷന്റെ (സി.ഡി.എസ്.സി.ഒ) വിദഗ്ധ സമിതി ശനിയാഴ്ച ശിപാര്‍ശ ചെയ്യുകയായിരുന്നു.
ഐ.സി.എം.ആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക്ക് തദ്ദേശീയമായി നിര്‍മിച്ച വാക്സിനാണ് കൊവാക്സിന്. അന്തിമ അനുമതി സംബന്ധിച്ചുള്ള തീരുമാനം ഡ്രഗ്സ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യയാണ് കൈക്കൊള്ളുക. കൊവാക്സിന്റെ ഒന്നും രണ്ടും ഘട്ട പരീക്ഷണമാണ് പൂര്‍ത്തിയായത്. മൂന്നാംഘട്ട പരീക്ഷണം നവംബറില്‍ ആരംഭിച്ചത് തുടരുകയാണ്. 10 മില്യണ്‍ ഡോസ് കൊവാക്സിന് രാജ്യത്ത് തയാറായിട്ടുണ്ട്.