97 ശതമാനം അച്ചടി പൂർത്തിയാക്കി പുസ്തകങ്ങൾ വിതരണത്തിന് തയ്യാർ
കൊച്ചി: പുതിയ അധ്യായന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി കെബിപിഎസ് പൂര്‍ത്തിയാക്കി. 97 ശതമാനം പുസ്തകങ്ങളും സ്ക്കൂളുകളിൽ എത്തിച്ചുവെന്നും രണ്ടാംഘട്ട പുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുകയാണെന്നും കെ ബി പി എസ് എം.ഡി കെ കാർത്തിക് അറിയിച്ചു.
മൂന്നേകാൽ കോടിയിലധികം പുസ്തകങ്ങളാണ് സ്ക്കൂൾ തുറക്കുമ്പോൾ വിതരണം ചെയ്യേണ്ടത്. വേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്ന ദിവസം തന്നെ പുസ്തകം വിതരണം ചെയ്യാൻ ഇത്തവണ കഴിയും. എട്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ മാത്രമാണ് മാറ്റം ഉള്ളത്.
രണ്ട് കോടി പതിനെട്ടു ലക്ഷം പുസ്തങ്ങളാണ് രണ്ടാം ഘട്ടത്തിൽ വിതരണം ചെയ്യേണ്ടത്. ഇതിന്റെ അച്ചടി പുരോഗമിക്കുകയാണ്. ഓഗസ്റ്റിൽ പൂർത്തിയാക്കി വിതരണത്തിന് എത്തിക്കും. മൂന്നാം ഘട്ടത്തിൽ അറുപത്തി ഒന്ന് ലക്ഷം പുസ്തകങ്ങൾ വേണം. ഇതും സമയ ബന്ധിതമായി പൂർത്തിയാക്കുമെന്ന് കെബിപിഎസ് എംഡി കെ കാർത്തിക് പറഞ്ഞു.