മന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമം; യുവമോര്‍ച്ചാ നേതാവ് തട്ടിപ്പ് കേസിലെ പ്രതി
തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയില്‍ മന്ത്രി കെ ടി ജലീലിനെ അപായപ്പെടുത്താന്‍ ശ്രമിച്ച യുവമോര്‍ച്ചാ നേതാവിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. കൊല്ലം പാരിപ്പള്ളിയില്‍ വെച്ച് മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് കുറുകെ കാറിട്ട യുവമോര്‍ച്ചാ ജില്ലാ വൈസ് പ്രസിഡന്റ് ജുമുന് ജഹാംഗീര്‍ തട്ടിപ്പ് കേസില്‍ പ്രതിയാണ്. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസില്‍ അഞ്ചാം പ്രതിയാണ് ഇയാള്‍. ബിസിനസ് സംരഭത്തിന്റെ ഉടമ നല്കിയ പരാതിയിലാണ് ജുമുനെതിരെ കേസെടുത്തത്. എട്ടുപ്രതികളുള്ള കേസില്‍ ബിജെപി ജില്ലാ സെക്രട്ടറി ജിതിന് ദേവാണ് ആറാം പ്രതി. ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണ നേരിടാനിരിക്കെയാണ് ജുമുന് മന്ത്രിയുടെ ഔദ്യോഗിക വാഹനം അപകടത്തില്‍ പെടുത്താന്‍ ശ്രമിച്ചത്.
ഞായറാഴ്ച്ച രാത്രി മന്ത്രി ജലീല്‍ തലസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നതിനിടെ ജുമുനും യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനവും ഇടവഴിയില്‍ നിന്ന് വണ്ടിയോടിച്ച് കയറ്റുകയായിരുന്നു. ഇടവഴിയില്‍ നിന്ന് അപ്രതീക്ഷിതമായാണ് വാഹനം കുറുകെ കയറി വന്നത്. ജുമുന്റെ ഉടമസ്ഥയിലുള്ളതായിരുന്നു കാര്‍. 90 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചിരുന്ന മന്ത്രിയുടെ വാഹനം തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. മന്ത്രിയുടേയും പൈലറ്റ് വാഹനത്തിന്റേയും ഡ്രൈവര്‍മാരുടെ സമയോചിതമായ ഇടപെടല്‍ വലിയ അപകടം ഒഴിവാക്കി. ബ്രേക്കിന്റെ ആഘാതത്തില്‍ പിന്നിലുള്ള പോലീസ് ജീപ്പ് മന്ത്രിയുടെ വാഹനത്തിന്റെ പിറകെ ഇടിച്ച് മന്ത്രിയുടെ ഒദ്യോഗിക വാഹനത്തിന്റെ പിറകുവശം തകര്‍ന്നിട്ടുണ്ട്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കാറിന് ബോണറ്റില്‍ അടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ ജുമുന്, വിഷ്ണു പട്ടത്താനം എന്നിവര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.