വിരാട് കോഹ്ലിക്ക് 12 ലക്ഷം രൂപ പിഴ
യുഎഇ: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന് വിരാട് കോഹ്ലിക്ക് 12 ലക്ഷം രൂപ പിഴ. ഐപിഎല്ലില്‍ കിങ്സ് ഇലവന് പഞ്ചാബിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനാണ് ബാംഗ്ലൂര്‍ നായകന് വിനയായത്. കോഹ്ലി ഐപിഎല്‍ പെരുമാറ്റചട്ടം ലംഘിച്ചതായും കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് 12 ലക്ഷം പിഴ അടയ്ക്കണമെന്നും ഐപിഎല്‍ അധികൃതര്‍ അറിയിച്ചു.
കിങ്സ് ഇലവന് പഞ്ചാബിനെതിരെ ദയനീയ തോല്‍വിയാണ് കോഹ്ലിപ്പട ഏറ്റുവാങ്ങിയത്. അതിനു പിന്നാലെയാണ് കോഹ്ലിക്ക് പിഴയിട്ടത്.
ഇന്നലെ നടന്ന മത്സരത്തില്‍ 97 റണ്‍സിനാണ് ബാംഗ്ലൂരിനെ പഞ്ചാബ് തോല്‍പ്പിച്ചത്. ബാറ്റിങ്ങില്‍ ആര്‍സിബി നായകന് നിരാശപ്പെടുത്തുകയും ചെയ്തു. കോഹ്ലി ഒരു റണ്‍സ് മാത്രമാണ് നേടിയത്. മാത്രമല്ല കോഹ്ലിയുടെ ഫീല്‍ഡിങ് പാളിച്ചകളും ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. കിങ്സ് ഇലവന് പഞ്ചാബ് നായകന് കെ.എല്‍.രാഹുലിന്റെ രണ്ട് ക്യാച്ചുകളാണ് തുടരെ തുടരെ കോഹ്ലി വിട്ടുകളഞ്ഞത്.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടിയപ്പോള്‍ പിന്തുടര്‍ന്ന ബാംഗ്ലൂര്‍ 17 ഓവറില്‍ 109 റണ്‍സ് നേടി പുറത്താവുകയായിരുന്നു. ടോസ് ലഭിച്ച കോഹ്ലി പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.