കോവിഡ് കാലത്ത് വെട്രിവേല്‍ യാത്ര: തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ അറസ്റ്റില്‍
ബി.ജെ.പി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് എല്‍ മുരുകന് ഉള്‍പ്പടെ നൂറോളം പ്രവര്‍ത്തകരെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. അനുമതിയില്ലാതെ വെട്രി വേല് യാത്ര നടത്തിയതിനാണ് അറസ്റ്റ്. എച്ച് രാജ, അണ്ണാമലൈ തുടങ്ങി നൂറോളം പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
തിരുത്തണി ക്ഷേത്രത്തിന് സമീപം വെച്ചാണ് അറസ്റ്റ്. യാത്രക്ക് അനുമതി നല്‍കുന്നത് സംസ്ഥാനത്ത് വര്‍ഗീയ കലാപത്തിന് വഴിവെക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ബി.ജെ.പി സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വെട്രിവേല്‍ യാത്രക്ക് അനുമതി നിഷേധിക്കുകയായിരുന്നു. യാത്ര നടത്തിയാല്‍ രണ്ടാം കോവിഡ് വ്യാപനമാകും തമിഴ്നാട്ടില്‍ ഉണ്ടാകുക എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യാത്രക്ക് അനുമതി നിഷേധിച്ചത്.
നവംബര്‍ ആറ് മുതല്‍ ഡിസംബര്‍ ആറ് വരെ നടത്തുന്ന യാത്രക്ക് കോവിഡ് ചട്ടപ്രകാരം അനുമതി നല്‍കാനാവില്ലെന്ന് നേരത്തെ മദ്രാസ് ഹെെക്കോടതിയെ പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ ഇത് അവകാശ ലംഘനമാണെന്ന് ബി.ജെ.പി അധ്യക്ഷന്‍ മുരുകന് പറഞ്ഞു.
ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിക്കാന്‍ തനിക്ക് ഭരണഘടനപരമായി അവകാശമുണ്ടെന്ന് യാത്ര പുറപ്പെടും മുന്‍പ് മുരുകന് പറഞ്ഞിരുന്നു. വെട്രിവേല്‍ യാത്രക്ക് ഭഗവാന് മുരുകന് അനുവാദം തന്നുകഴിഞ്ഞു. അതുകൊണ്ടു തന്നെ യാത്രയുമായി മുന്നോട്ടുപോകുകയാണെന്നും മുരുഗന് അറിയിച്ചു. വെട്രി വേല് യാത്രക്ക് പുറപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകരെ ചെന്നെെ - തിരുവള്ളൂര്‍ അതിര്‍ത്തിയില്‍ പൊലീസ് തടയുകയായിരുന്നു.