പട്ടയഭൂമിയിലെ മരം മുറിക്കല്‍: വിജ്ഞാപനം ഉടൻ
ഇടുക്കി: പട്ടയഭൂമിയില്‍ വച്ചു പിടിപ്പിച്ച മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുള്ള അവകാശം ഉടമസ്ഥര്‍ക്ക് നല്കുന്നതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ കെ രാജു. ഇത് സംബന്ധിച്ച് വനം, റവന്യൂ വകുപ്പുകള്‍ ഉന്നതതല ചര്‍ച്ചകള്‍ നടത്തി അനുകൂല തീരുമാനമെടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇടുക്കി ജില്ലാ വനം അദാലത്ത് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജ്ഞാപനം വരുന്നതോടെ പട്ടയഭൂമിയിലെ മരം മുറിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട ഒട്ടുമിക്ക പരാതികള്‍ക്കും പരിഹാരമാവും. ജീവനും സ്വത്തിനും ഭീഷണിയായി നില്ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് അനുകൂല നിലപാടാണ് വകുപ്പ് സ്വീകരിച്ചു പോരുന്നത്.