തിരുവനന്തപുരത്ത് അടുത്ത മേയര്‍ സ്ഥാനത്തേയ്ക്ക് പരിഗണനയിലുള്ളത് നാല് പേരുകള്‍
തിരുവനന്തപുരം : മേയര്‍ വി.കെ.പ്രശാന്ത് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ തിരുവനന്തപുരത്തെ അടുത്ത മേയറെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ സജീവമായി. നാലു പേരുടെ പേരുകള്‍ പരിഗണനയിലുണ്ടെങ്കിലും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായ കെ.ശ്രീകുമാറിനാണ് പ്രഥമ പരിഗണന. എന്നാല്‍ വനിതയെ പരിഗണിക്കണമെന്ന ആവശ്യവും സജീവമാണ്.
നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വി.കെ.പ്രശാന്തിന്റെ പകരക്കാരനെ തേടുന്ന ചര്‍ച്ചകളാണ് സി.പി.എമ്മില്‍ സജീവമായത്. 2020 ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷം നേടി ഭരണതുടര്‍ച്ച നേടാനാണ് ലക്ഷ്യമിടുന്ന് എന്നതിനാല്‍ പ്രതിച്ഛായയും പ്രവര്‍ത്തന പരിചയവുമുള്ളയാളെ മേയറാക്കണമെന്നതാണ് സിപിഐഎമ്മിന്റെ നിലപാട്. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട കെ. ശ്രീകുമാറിനാണ് പ്രഥമ പരിഗണന.
ഭൂരിപക്ഷം കുറവായ ഭരണസമിതിയെ മുന്നോട്ടുകൊണ്ടുപേകാന്‍ മുതിര്‍ന്ന അംഗമെന്ന നിലയില്‍ ശ്രീകുമാറിനു കഴിയുമെന്നതാണ് അദ്ദേഹത്തിന് അനുകൂലമായ ഘടകം. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ബന്ധുകൂടിയായ ശ്രീകുമാര്‍ നിലവില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനാണ്.
സിപിഐഎം ജില്ലാ കമ്മിറ്റി അംഗമായ എസ്.പുഷ്പലതയും പരിഗണനാ പട്ടികയിലുണ്ട്. നിലവിലുള്ള സാഹചര്യത്തില്‍ വനിതയ്ക്ക് പരിഗണന നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. കോര്പ്പറേഷന് കൗണ്‍സിലിലെ പ്രമുഖ നേതാവാണ് പുഷ്പലത.
എന്നാല്‍ അടുത്ത തവണ മേയര്‍ സ്ഥാനം വനിതാ സംവരണമായതിനാല്‍ ഇതിനുള്ള സാധ്യത കുറവാണ്. കൗണ്‍സിലര്‍മാരായ പി.ബാബുവും ആര്.പി.ശിവജിയും പരിഗണനാപട്ടികയിലുണ്ട്്. സി.പി.എം ജില്ലാ കമ്മിറ്റിയാകും മേയറുടെ കാര്യത്തില്‍ തീരുമാനമെടുക്കുക. 100 അംഗ കൗണ്‍സിലില്‍ ഒരു സ്വതന്ത്രന് ഉള്‍പ്പെടെ 44 അംഗങ്ങളാണ് എല്‍.ഡി.എഫിനുള്ളത്.