തിയറ്ററുകള്‍ നാളെ മുതൽ 31 വരെ അടച്ചിടും; മരയ്ക്കാർ റിലീസ് ഉൾപ്പടെ മാറ്റി
കൊച്ചി: കൊറോണ ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ ഈ മാസം 31 വരെ അടക്കാന്‍ തീരുമാനം. കൊച്ചിയില്‍ ചേര്‍ന്ന സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. നാളെ മുതല്‍ കേരളത്തില്‍ തിയറ്ററുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. മുഖ്യമന്ത്രി ഇന്നത്തെ അടിയന്തര മന്ത്രിസഭാ യോഗത്തിനു ശേഷം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
ഇതോടെ ഈ മാസം റിലീസ് ചെയ്യാനിരുന്ന മോഹന്‍ലാല്‍ പ്രിയദര്ശന് ചിത്രം 'മരക്കാര്‍ - അറബിക്കടലിന്റെ സിംഹം', ഉണ്ണി.ആറിന്റെ തിരക്കഥയില്‍ കാവ്യ പ്രകാശ് ഒരുക്കുന്ന 'വാങ്ക്' തുടങ്ങിയവ ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ റിലീസ് മാറ്റിവെക്കേണ്ടിവരും. നേരത്തേ, മാര്‍ച്ച് 12ന് റിലീസ് ചെയ്യാനിരുന്ന ടൊവിനോ തോമസ് ചിത്രം 'കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സി'ന്റെ റിലീസ് മാറ്റിവെച്ചിരുന്നു. ബിഗ് ബജറ്റ് ചിത്രമായ 'മരക്കാര്‍' അഞ്ചു ഭാഷകളില്‍ 5000 സ്ക്രീനുകളില്‍ പുറത്തിറക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. മാര്‍ച്ച് 26നായിരുന്നു റിലീസ്.