സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ സമ്പൂർണ ലോക്ക്ഡൗണ്‍ ഒഴിവാക്കി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന സമ്പൂർണ ലോക്ക്ഡൗണ്‍ ഒഴിവാക്കി. അതേസമയം കണ്ടെയ്ന്മെന്റ് സോണുകളിലും മറ്റ് തീവ്രബാധിതമേഖലകളിലുമുള്ള എല്ലാ നിയന്ത്രണങ്ങളും പഴയതുപോലെ തുടരും. ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ ഒഴിവാക്കിയെങ്കിലും, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും, കോവിഡ് മുന്‍കരുതലുകള്‍ കൃത്യമായും പാലിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ലോക്ക്ഡൗണ്‍ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് വിശദമായ ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയിരുന്നു. സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷമാണ് ലോക്ക്ഡൗണ്‍ ഒഴിവാക്കാമെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിയത്.