വാട്സാപ്പിന്റെ ഡെസ്ക്ടോപ്പ് പതിപ്പ് വരുന്നു; ഫോണില്ലാതെ പ്രവര്‍ത്തിക്കും
സാന്‍ഫ്രാന്‍സിസ്കോ: ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പ് കംപ്യൂട്ടറുകളിലേക്കായി ഡെസ്ക്ടോപ്പ് പതിപ്പ് നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്. പേഴ്സണല്‍ കംപ്യൂട്ടറുകളില്‍ ഫോണുകളുടെ സഹായമില്ലാതെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുംവിധമായിരിക്കും ഡെസ്ക്ടോപ്പ് പതിപ്പിന്റെ പ്രവര്‍ത്തനം.
നിലവില്‍ വാട്സാപ്പിന്റെ വെബ് പതിപ്പ് വഴിയാണ് കംപ്യൂട്ടര്‍ സ്ക്രീനില്‍ വാട്സാപ്പ് ഉപയോഗിക്കാന്‍ സാധിക്കുക. 2015 ലാണ് വാട്സാപ്പ് വെബ് പുറത്തിറക്കിയത്. ഇതിന് ക്യൂആര്‍ കോഡ് വഴി വാട്സാപ്പ് ആപ്ലിക്കേഷനും വാട്സാപ്പ് വെബ്ബും തമ്മില്‍ ബന്ധിപ്പിക്കണം. ഫോണില്‍ ഇന്റര്‍നെറ്റ് കണക്ഷന് ഓണ്‍ ആണെങ്കില്‍ മാത്രമേ വെബ് പതിപ്പ് ഉപയോഗിക്കാന്സാധിക്കുകയുള്ളൂ. എന്നാല്‍ ഫോണിന്റെ സഹായമില്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നവയായിരിക്കും വാട്സാപ്പ് ഡെസ്ടോപ്പ് പതിപ്പ്. കംപ്യൂട്ടറിലെ ഇന്റര്‍നെറ്റ് കണക്ഷന് മാത്രം മതി ഇതിന്.
വാട്സാപ്പ് ഒരു യൂണിവേഴ്സല്‍ വിന്‍ഡോസ് പ്ലാറ്റ്ഫോം ആപ്പിന് വേണ്ടിയുള്ള ശ്രമങ്ങളിലാണ് എന്ന വിവരം വാബീറ്റ ഇന്‍ഫോയാണ് പുറത്തുവിട്ടത്. ഇത് കൂടാതെ ഒരേ അക്കൗണ്ട് ഉപയോഗിച്ച് ഒന്നിലികം ഉപകരണങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന പതിപ്പ് നിര്‍മിക്കാനും വാട്സാപ്പ് ശ്രമിക്കുന്നുണ്ട് എന്നാണ് വിവരം.