ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചു
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നടപടികൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് കോടതി. കേസിൽ പ്രതിയായ നടൻ ദിലീപിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. എറണാകുളം സിബിഐ പ്രത്യേക കോടതിയിൽ അടച്ചിട്ട മുറിയിലാണ് കേസിലെ വിചാരണ നടക്കുന്നത്. ഇതിന്റെ വിശദാംശങ്ങൾ പുറത്തുവിടരുതെന്നാണ് നിർദേശിച്ചിരിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ ഉൾപ്പെടെ കേസിൽ സാക്ഷികളാണ്. പലരും ഇതിനകം തന്നെ കോടതിയിലെത്തി മൊഴി നൽകിയിട്ടുണ്ട്. ചില താരങ്ങൾ കൂറുമാറിയത് ഉൾപ്പെടെയുള്ള വിവരങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു.
അതേസമയം, കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ അടുത്ത മാസം ഏഴാം തീയതി വരെ കേസിലെ വിചാരണ നടപടികൾ നിർത്തിവെച്ചിരിക്കുകയാണ്.