ധീര ജവാന് അനീഷ് തോമസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
കടയ്ക്കല്‍ : കശ്മീരിലെ രജൗരിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള പാക്കിസ്ഥാന് ഷെല്‍ ആക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന് കൊല്ലം അഞ്ചല്‍ വയലാ ആശാ നിവാസില്‍ അനീഷ് തോമസിന്റെ(36) മൃതദേഹം നാട്ടിലെത്തിച്ചു. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ഡല്‍ഹിയിലേക്ക് കൊണ്ടുപോയ മൃതദേഹം ഇന്ന് രാവിലെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്.
അനീഷിന്റെ വസതിയിലെ പൊതുദര്‍ശനത്തിനു ശേഷം മണ്ണൂര്‍ മര്‍ത്തൂസ് മൂനി ഓര്‍ത്തഡോക്സ് സിറിയന്‍ പള്ളി സെമിത്തേരിയില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. സഹപ്രവര്‍ത്തകരായ സീനിയര്‍ ഓഫീസര്‍ അഞ്ചല്‍ അയലറ സ്വദേശി ശ്രീജിത്ത്, ചണ്ണപ്പേട്ട സ്വദേശി ജോണ്സന് എന്നിവരാണ് മൃതദേഹത്തെ അനുഗമിക്കുന്നത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് പാക്കിസ്ഥാന് ഭാഗത്ത് നിന്നും അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റ്റുകളിലേക്ക് വെടിവെപ്പ് നടന്നത്. 16 വര്‍ഷം മുന്‍പാണ് അനീഷ് കരസേനയില്‍ പ്രവേശിച്ചത്. മദ്രാസ് 17 റെജിമെന്റില്‍ ലാന്‍സ് നായിക്കായിരുന്നു. നായിക് റാങ്കില്‍ പ്രൊമോഷന് നേടി ആറ് മാസം മുന്‍പാണ് കാശ്മീരിലേക്ക് പോയത്.