ബൈക്ക് നിർത്തിയില്ല; ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തി
കൊല്ലം ∙ കടയ്ക്കലിൽ വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ ബൈക്ക് യാത്രക്കാരനെ പൊലീസ് ലാത്തി കൊണ്ട് എറിഞ്ഞിട്ടു. നിയന്ത്രണം വിട്ട ൈബക്ക് ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനത്തിലിടിച്ച് അപകടമുണ്ടായി. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ചിതറ കിഴക്കുംഭാഗം പന്തവിള വീട്ടിൽ സിദ്ദിഖി (22) നാണു പരുക്കേറ്റത്.
പരുക്കേറ്റ സിദ്ദിഖിനെ പൊലീസുകാര്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നു സിദ്ദിഖിന്റെ പിതാവ് പറഞ്ഞു. പരുക്കു ഗുരുതരമാണെന്നു കണ്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വീട്ടില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണു ബന്ധുക്കള്‍ എത്തിയത്. ഇതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.