"ആടുജീവിതം' ടീം കൊച്ചിയില്‍ തിരിച്ചെത്തി; 14 ദിവസം ക്വാറന്റൈനില്‍
കൊറോണാ വ്യാപനവും ലോക്ഡൗണും കാരണം ജോര്‍ദാനില്‍ കുടുങ്ങിയ ‘ആടുജീവിതം’ ടീം കേരളത്തിലെത്തി. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സംവിധായകന് ബ്ലെസിയും നടന് പൃഥ്വിരാജും ഉള്‍പ്പെടുന്ന 58 അംഗ സംഘം ഇനി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ക്വാറന്റൈന് കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിയും. ഫോര്‍ട്ട് കൊച്ചിയില്‍ പണം നല്കി ഉപയോഗിക്കുന്ന ക്വാറന്റീന് സെന്ററിലേക്കാണ് പൃഥ്വിയും ആടുജീവിതം സംഘവും മാറുന്നത്. തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം 14 ദിവസം നിരീക്ഷണത്തില്‍ തുടരും.
ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ ഒരുക്കിയ നിരീക്ഷണ കേന്ദ്രത്തിലേക്ക് സ്വയം കാറാേടിച്ചാണ് പൃഥ്വി പോയത്. നേരത്തെ ജോര്‍ദാനിലെ വിമാനത്താവളത്തില്‍ നില്ക്കുന്ന ഇരുവരുടെയും ചിത്രം അമ്മനിലെ ഇന്ത്യന്‍ എംബസി ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരുന്നു. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്. ‘ആടുജീവിതം’ എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് പൃഥ്വിയും സംഘവും ജോര്ദാനില്പോയത്.
അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ് അനുമതി ലഭിക്കാതെ സംഘം അവിടെ കുടുങ്ങുകയായിരുന്നു. സംഘത്തെ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചിരുന്നു. പിന്നീട് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതോടെ ജോര്‍ദാന്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ ചിത്രീകരണഷെഡ്യൂള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.