ടി20 ക്രിക്കറ്റ് ഒളിമ്പിക്സിൽ ഉള്‍പ്പെടുത്തണം; രാഹുല്‍ ദ്രാവിഡ്
മുംബൈ: ടി20 ക്രിക്കറ്റ് ഒളിമ്പിക്സിൽ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ താരവും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡ്. ആഗോളതലത്തില്‍ 75 രാജ്യങ്ങള്‍ ടി 20 ക്രിക്കറ്റ് കളിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഒളിമ്പിക്സിൽ ടി20 ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യുമെന്ന് ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയ്ക്ക് നല്കിയ അഭിമുഖത്തില്‍ ദ്രാവിഡ് വ്യക്തമാക്കി. വളരെയേറെ രാജ്യങ്ങള്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട്. അതിന് അതിന്റേതായ വെല്ലുവിളികളുമുണ്ട്. വിജയകരമാവണമെങ്കില് ആവശ്യപ്പെടുന്ന സൗകര്യങ്ങള്‍ ഒരുക്കണം. ക്രിക്കറ്റിന്റെ എല്ലാ തരത്തിലുള്ള വികാസത്തേയും ഞാന്‍ പിന്തുണയ്ക്കുന്നു. സാധ്യമാവുമെങ്കില്‍ ക്രിക്കറ്റിനെ ഒളിംപിക്സില്‍ ഉള്‍പ്പെടുത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നേരത്തെ തന്നെ സജീവമാണ്. 2018ല്‍ ഇതുമായി ബന്ധപ്പെട്ട് ഐസിസി നടത്തിയ സര്‍വേയോട് ഭൂരിഭാഗം അനുകൂലിക്കുകയും ചെയ്തു. എന്നാല്‍ ഈ ആശയത്തോട് ബിസിസിഐ യോജിച്ചില്ല.