രാജ്യത്ത് കോവിഡ് വാക്സിനെടുത്തവരില്‍ പാര്‍ശ്വ ഫലങ്ങള്‍ തീരെകുറവെന്ന് റിപ്പോര്‍ട്ട്
ഇന്ത്യയില്‍ വാക്സിനെടുത്തവരില്‍ രക്തസ്രാവം, രക്തം കട്ടപിടിക്കല്‍ എന്നീ പാര്‍ശ്വ ഫലങ്ങള്‍ വളരെ കുറവെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. കോവിഷീല്‍ഡ് സ്വീകരിച്ച 26 പേരില്‍ ഇത്തരം പാര്‍ശ്വഫലങ്ങളുണ്ടായി. കൊവാക്സിന് സ്വീകരിച്ചവരില്‍ ഇതുവരെ പാര്‍ശ്വഫലം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സമിതി ആരോഗ്യമന്ത്രാലയത്തെ അറിയിച്ചു.
ഗൗരവകരവും ഗുരുതരവുമായ 498 കേസുകള്‍ പഠനവിധേയമാക്കിയപ്പോള്‍ 26 എണ്ണത്തില്‍ മാത്രമാണ് രക്തം കട്ടപിടിക്കാനുള്ള സാധ്യത കണ്ടെത്തിയതെന്നും സമിതി പറയുന്നു. എ.ഇ.എഫ്.ഐ.(അഡ്വേഴ്സ് ഇവന്റ്സ് ഫൊളോവിങ് ഇമ്യുണൈസേഷന്‍) ആണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. വാക്സിനേഷന് പിന്നാലെയുണ്ടാകുന്ന പ്രതികൂല സംഭവങ്ങളെ പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന സമിതിയാണ് എ.ഇ.എഫ്.ഐ.
ആസ്ട്രസെനക്ക വാക്സിന് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ പല യൂറോപ്യന്‍ രാജ്യങ്ങളും പലപ്പോഴായി വാക്സിന് ഉപയോഗം നിര്‍ത്തിവെച്ചിരുന്നു. ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്സ്, അയര്‍ലന്‍ഡ്, നോര്‍വേ, ഐസ്ലാന്‍ഡ്, കോംഗോ, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളാണ് പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വാക്സിന് വിതരണം ഇടക്ക് നിര്‍ത്തിവെച്ചിരുന്നത്.
ഈ പശ്ചാത്തലത്തിലാണ് ഇന്ത്യ ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനക്കയും സംയുക്തമായി വികസിപ്പിച്ച കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ 10 ലക്ഷം പേരില്‍ 0.61 പേര്‍ക്കു മാത്രമാണ് രക്തം കട്ടപിടിക്കുന്ന അവസ്ഥയുണ്ടായിട്ടുള്ളതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഭാരത് ബയോടെക്കിന്റെ കൊവാക്സിന് കുത്തിവെപ്പ് എടുത്തരില്‍ രക്തം കട്ടപിടിക്കലുമായി ബന്ധപ്പെട്ട കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും എ.ഇ.എഫ്.ഐ. കൂട്ടിച്ചേര്‍ത്തു.