സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഡ് വാക്സിന് പരീക്ഷണം നിര്‍ത്തിവെച്ചു
കോവിഡിനെതിരായ മരുന്ന് പരീക്ഷണത്തിന് താത്ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി പൂണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. യു.കെയില്‍ അസ്ട്ര സെനിക്കയുടെ കോവിഡ് ഇന്ജക്ഷന് സ്വീകരിച്ച വളണ്ടിയര്‍ക്ക് മരുന്ന് പ്രതികൂലമായി ബാധിച്ച റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി.
അസ്ട്ര സെനിക്ക പരീക്ഷണം പുനരാരംഭിക്കുന്നത് വരെ പരീക്ഷണം നിര്‍ത്തിവയ്ക്കുകയാണെന്നും സാഹചര്യം അവലോകനം ചെയ്തു വരികയാണ് എന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ആഗോള തലത്തില്‍ അസ്ട്ര സെനിക്ക പരീക്ഷണം നിര്‍ത്തിവെച്ച സാഹചര്യത്തില്‍ എന്തുകൊണ്ടാണ് ഇന്ത്യയില്‍ പരീക്ഷണവുമായി മുന്നോട്ട് പോകുന്നുതെന്ന് ഡ്രഗ് കണ്ട്രോളര് ജനറല്‍ വിശദീകരണം തേടിയതിന് പിന്നാലെയാണ് നീക്കം. മരുന്നിന്റെ മൂന്നാം ഘട്ട പരീക്ഷണമാണ് നിര്‍ത്തിവെച്ചത്.
റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവായ വര്‍ക്ക് ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. കോവിഡ് രോഗികളെ കണ്ടെത്താനുള്ള എല്ലാ സാധ്യതകളും പരിഗണിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1172 കോവിഡ് മരണമാണ് സ്ഥിരീകരിച്ചത്. ആകെ മരണം 75062 ആയി. 24 മണിക്കൂറിനിടെ പുതിയ 95735 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 1.69 ശതമാനമാണ് രാജ്യത്തെ നിലവിലെ മരണ നിരക്ക്.