ശബരിമല ഹര്‍ജികളില്‍ വാദം ഇന്ന് തുടങ്ങും
ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന ഉത്തരവിന് എതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട വിഷയങ്ങളില്‍ ഇന്ന് ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന്റെ മുമ്പാകെ വാദം ആരംഭിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ഒന്‍പതംഗ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.
എഴ് വിഷയങ്ങളാണ് പരിശോധനനയ്ക്കായി ഭരണഘടനാ ബെഞ്ച് വിട്ടത്. ആചാരങ്ങള്‍ മതത്തിന്റെ/വിഭാഗത്തിന്റെ ഒഴിച്ചുകൂടാനാകാത്ത രീതിയാണോ എന്നത് കോടതിക്ക് എത്രമാത്രം പരിശോധിക്കാം? അത് മതമേധാവിയുടെ തീരുമാനത്തിനു വിട്ടുകൊടുക്കേണ്ടതാണോ എന്നുള്ളതാണ് ഇതില്‍ ഏറ്റവും പ്രധാനം. രാവിലെ 10.30നാണ് സുപ്രീംകോടതി വാദം കേള്‍ക്കുന്നത്.