രാജമല ദുരന്തം; മരണം 26 ആയി
മൂന്നാര്‍: രാജമല ദുരന്തത്തില്‍ മരണം 26 ആയി. ഇന്ന് ഒന്‍പത് പേരുടെ മൃതദേഹങ്ങളാണ് പ്രദേശത്ത് നിന്നും രക്ഷാ പ്രവര്‍ത്തകര്‍ കണ്ടെടുത്തത്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച അഞ്ചു പേരുടെ സംസ്കാരം പെട്ടിമുടിയില്‍ നടത്തി. പ്രദേശത്ത് മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുകയാണ്.
ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് യൂണിറ്റിനെ പ്രത്യേകം - പ്രത്യേകം സംഘങ്ങളായി തിരിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. സ്ഥലത്തിന്റെ രൂപരേഖ തയ്യാറാക്കി ഓരോലയങ്ങള് നിന്നിരുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് തെരച്ചില്‍. സ്കാനറുകള്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് ആറടിയോളം ചെളി മണ്ണിന് അടിയില്‍ നിന്നും എട്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്താന്‍ കഴിഞ്ഞത്. അതേസമയം കണ്ടെടുത്ത മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തികരിച്ചു വരികയാണ്. പെട്ടിമുടിക്ക് സമീപം രാജമല ആശുപത്രിയിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ അഞ്ചു പേരുടെ മൃതദേഹം പെട്ടിമുടിയില്‍ തന്നെ സംസ്കരിച്ചു.