രാജമല ഉരുള്‍പ്പൊട്ടല്‍: തിരച്ചില്‍ പുനരാരംഭിച്ചു
മൂന്നാര്‍: ഇന്നലെ ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി രാജമലയില്‍ കാണാതായവക്ക് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. 18 പേരുടെ മൃതദേഹമാണ് ഇതുവരെ ലഭിച്ചത്. 48 പേരെ കണ്ടെത്താനുണ്ടെന്നാണ് വിലയിരുത്തല്‍. മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്ന് പെട്ടിമുടിയില്‍ നടക്കും.
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വെള്ളിയാഴ്ച അര്‍ധരാത്രിയോടെ നിര്‍ത്തിവെച്ചു. പ്രദേശത്ത് കനത്ത മഴയും മൂടല്‍മഞ്ഞും അനുഭവപ്പെട്ട് കാഴ്ച തടസ്സപ്പെട്ടതോടെയാണ് തിരച്ചില്‍ നിര്‍ത്തിവെച്ചത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട 11 പേരില്‍ ഒരാളുടെ നില ഗുരുതരമാണ്.
ഇന്നലെ രാത്രി 11 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിയുകയായിരുന്നു. നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.18 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. 30 മുറികളുള്ള 4 ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇവയില്‍ ആകെ 78 പേരാണ് താമസിച്ചിരുന്നത്. ഇവയില്‍ 12 പേര് രക്ഷപ്പെട്ടു.