അഭിമാനമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്; എല്ലാവരും രോഗമുക്തര്‍
തിരുവനന്തപുരം: ഒരു ഘട്ടത്തില്‍ ഏറെ ആശങ്ക ഉണ്ടായിരുന്ന തിരുവനന്തപുരം ജില്ലയ്ക്ക് ആശ്വാസവും അഭിമാനവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മാറുകയാണ്. ഇവിടെ ചികിത്സയിലുണ്ടായിരുന്ന 80 വയസുകാരിയുടേയും വര്‍ക്കല സ്വദേശിയുടേയും പരിശോധനാഫലം നെഗറ്റീവായതോടെ നിലവില്‍ തിരുവനന്തപുരം കോവിഡ്-19 രോഗികളില്ലാത്ത ജില്ലയായി മാറിയിരിക്കുകയാണ്. 60 വയസിന് മുകളിലുള്ളവര്‍ ഹൈ റിസ്കില്‍ വരുമ്പോഴാണ് 80 വയസുള്ള ഫാത്തിമ ബീവി ഉള്‍പ്പെടെയുള്ളവരെ കോവിഡില്‍ നിന്നും മെഡിക്കല്‍ കോളേജ് രക്ഷിച്ചെടുത്തത്. തുടര്‍ച്ചയായി 4 പ്രാവശ്യം പോസിറ്റീവായതിന് ശേഷമാണ് മികച്ച ചികിത്സയിലൂടെ ഫാത്തിമ ബീവിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. നിരീക്ഷണത്തിന് ശേഷം മറ്റ് ബുദ്ധിമുട്ടുകളില്ലെങ്കില് അടുത്ത ദിവസം ഇരുവരേയും ഡിസ്ചാര്‍ജ് ചെയ്യുന്നതാണ്.
അതീവ ഗുരുതരാവസ്ഥയില്‍ നിന്നുപോലും രോഗികളെ രക്ഷിച്ചെടുത്ത ആശുപത്രിയിലെ എല്ലാ ജീവനക്കാര്‍ക്കും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. മെഡിക്കല്‍ കോളേജുമായി നിരന്തരം ബന്ധപ്പെട്ട് ചെറിയ പ്രശ്നങ്ങളില്‍പ്പോലും ഇടപെടാറുണ്ട്. വളരെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനമാണ് മെഡിക്കല്‍ കോളേജ് നടത്തിയത്. അതിന്റെ വിജയം കൂടിയാണിത്. എങ്കിലും രോഗികള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത തുടരണമെന്നും മന്ത്രി വ്യക്തമാക്കി.