നെടുങ്കണ്ടം കസ്റ്റഡി മരണം: ഒന്നാം പ്രതി അറസ്റ്റില്‍
കൊച്ചി: നെടുങ്കണ്ടത്തെ രാജ്കുമാര് കസ്റ്റഡി മരണക്കേസില്‍ ഒന്നാം പ്രതിയായ മുന്‍ എസ്ഐ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു. ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെയാണ് സാബുവിനെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി കൊച്ചിയില്‍വെച്ചാണ് അറസ്റ്റ്. ഹൈക്കോടതി നിര്‍ദേശപ്രകാരം ഒരുമാസം മുമ്പാണ് നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ് സിബിഐ ഏറ്റെടുത്തിരുന്നത്. കേസില്‍ ആകെ ഏഴ് പ്രതികളാണുള്ളത്. എല്ലാവരും പോലീസ് ഉദ്യോഗസ്ഥരാണ്. അന്വേഷണം നടക്കുന്നതിനിടയില്‍ ഏഴ് പ്രതികളും മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഇത് വിവാദമായതോടെ ഒന്നാംപ്രതി സാബുവിന്റെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.